v-sasi
photo

തിരുവനന്തപുരം: ശത്രു രാജ്യത്തിനോടെന്ന പോലെ കേന്ദ്രസർക്കാർ സാമ്പത്തിക രംഗത്ത് കേരളത്തോട് മിന്നാലാക്രമണം നടത്തിയിരിക്കുകയാണെന്ന് ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിയമസഭയിൽ ആരോപിച്ചു.

സംസ്ഥാനബ‌ഡ്ജറ്റിന്മേലുള്ള പൊതുചർച്ചയ്ക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാർ കേരളത്തിനുള്ള 5325 കോടിയുടെ വായ്പ വെട്ടിക്കുറച്ചതും , നൽകാനുള്ള ജി.എസ്.ടി. കുടിശ്ശിക 3000 കോടി രൂപ കടന്നതും ഇതിന് തെളിവാണ് . നെൽസംഭരണത്തിനുള്ള കേന്ദ്ര വിഹിതവും വൈകിപ്പിച്ചു. . കേന്ദ്രം സാമ്പത്തികമായി ശ്വാസം മുട്ടിക്കുമ്പോഴും വികസന വിഷയത്തിൽ കേരളത്തെ മുന്നോട്ട് നയിക്കാൻ ജനപക്ഷത്തു നിൽക്കുന്ന സർക്കാരും ഭാവനാശാലിയായ ധനകാര്യമന്ത്രിയും ഉണ്ടെന്നതിന്റെ തെളിവാണ് ഈ ബഡ്ജറ്റ്.
കഴിഞ്ഞ യു.ഡി.എഫ്. സർക്കാർ 5 വർഷം വികസന പ്രവർത്തനങ്ങൾക്ക് ചെലവഴിച്ച തുകയേക്കാൾ കൂടുതൽ നാലു വർഷം കൊണ്ട് എൽ.ഡി.എഫ്. സർക്കാർ വിനിയോഗിച്ചു കഴിഞ്ഞു. കേന്ദ്രം സംസ്ഥാനങ്ങൾക്കുള്ള വിഹിതം വെട്ടിക്കുറയ്ക്കുമ്പോൾ സംസ്ഥാന സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വിഹിതം വർദ്ധിപ്പിക്കുകയാണ്. 2015-16 വർഷത്തിൽ 7679കോടി രൂപയായിരുന്ന വിഹിതം ഈ വർഷം 12074കോടി രൂപയായി ഉയരുമെന്ന് വി.ശശി പറഞ്ഞു.

ധനമന്ത്രി ജനങ്ങളെ

കബളിപ്പിക്കുന്നു::

വി.ഡി.സതീശൻ

റവന്യൂ കമ്മി കുറച്ചു കാണിക്കാൻ കള്ളക്കണക്ക് പറയുന്ന ധനമന്ത്രി നിയമസഭയെയും ജനങ്ങളെയുംകബളിപ്പിക്കുകയാണെന്ന് വി.ഡി.സതീശൻ (കോൺഗ്രസ്)പറഞ്ഞു.

ഓട്ടോ മൊബൈൽ വ്യവസായത്തെയും റിയൽ എസ്റ്റേറ്റ് മേഖലയെയും തളർത്താനുള്ള നടപടികളാണ് ബ‌ഡ്ജറ്റിലുള്ളത്. . പ്രോജക്ട് കൊണ്ടുള്ള കളിയാണ് . സർക്കാരിന്റെ ദുർചെലവ് നിയന്ത്രിക്കാനാവുന്നില്ല. . കേരളത്തിന്റെ സമ്പദ് വ്യവസ്ഥ നൂലുപൊട്ടിയ പട്ടം പോലെ പറന്നു നടക്കുന്നു. . പാക്കേജുകളുടെ പ്രളയമാണ് ബഡ്ജറ്റിലെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക പത്രപ്രവർത്തകർക്ക് പെൻഷൻ അനുവദിക്കണമെന്ന് മുസ്ലിംലീഗിലെ പി.കെ.ബഷീർ ആവശ്യപ്പെട്ടു. വയനാട് പാക്കേജ് നടത്തിപ്പിന് മോണിട്ടറിംഗ് കമ്മിറ്റി വേണമെന്ന് സി.പി.എമ്മിലെ സി.കെ.ശശീന്ദ്രൻ പറഞ്ഞു.