ponmuditheepiditham

വിതുര: മകരച്ചൂട് ശക്തി പ്രാപിച്ചതോടെ പ്രദേശത്ത് കാട്ടുതീ പടരുന്നതു പതിവാകുന്നു. കാട് കത്തി വന്യ മൃഗങ്ങളുടെ ആവാസ വ്യവസ്ഥയിൽ മാറ്റം വന്നതോടെ വെള്ളവും ഭക്ഷണവും തേടി മൃഗങ്ങൾ നാട്ടിലിറങ്ങുന്നതും നിത്യ സംഭവമായി മാറി. ചുരുക്കത്തിൽ ഈ വേനൽക്കാലം തീരാൻ ഇനിയും നാളുകൾ കഴിയുമെന്നിരിക്കെ വനം വകുപ്പും ഫയർ ഫോഴ്സും നന്നേവിയർക്കുമെന്ന് സാരം.

വനം വകുപ്പിന്റെ നേതൃത്വത്തിൽ വേനൽക്കാല മുന്നൊരുക്കങ്ങൾ നടപ്പിലാക്കിയെങ്കിലും പലയിടത്തും കാട്ടുതീ പടരുകയാണ്. എന്നാൽ അവയെല്ലാം പെട്ടെന്ന് തന്നെ കെടുത്തുന്നതിനാൽ ഇതുവരെ അത്യാഹിതങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. പാലോട്, പരുത്തിപ്പള്ളി, പേപ്പാറ ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിലാണ് കാട്ടുതീ വ്യാപകമാകുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് ഇൗ വർഷം കാട്ടുതീയുടെ തോത് വർദ്ധിച്ചിട്ടുണ്ടെന്നാണ് വനപാലകർ പറയുന്നത്. വനാന്തരങ്ങളിലും കാട്ടുതീ പടരുന്നത് പതിവാണെന്ന് ആദിവാസികൾ പറയുന്നു. കടുത്ത ചൂടിനെ തുടർന്ന് വനാന്തരങ്ങൾ മുഴുവൻ ഉണങ്ങി കിടക്കുകയാണ്. പൊൻമുടി, ബോണക്കാട്, പേപ്പാറ വനമേഖലയിലെ പുൽമേടുകൾ മുഴുവൻ ഉണങ്ങി. വനം വകുപ്പ് ഫയർസോൺ ഉൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.

ആന, കാട്ടുപോത്ത്, പന്നി, മ്ലാവ് എന്നീ മൃഗങ്ങൾ നാട്ടിലേക്കിറങ്ങുകയാണ്. വനത്തിനുള്ളിൽ ഉണക്ക് വ്യാപിച്ചതാണ് ഇവ കൂട്ടമായി കൃഷിയിടങ്ങൾ ഉൾപ്പെടുന്ന ജനവാസ മേഖലയിലേക്കിറങ്ങാൻ കാരണം. വനത്തിലെ അരുവികൾ വറ്റിയതും പച്ചപ്പ് കുറഞ്ഞതും ഇവയെ നാട്ടിലെ കൃഷിയിടത്തിലേക്കിറങ്ങാൻ പ്രേരിപ്പിക്കുന്നു. പകൽ സമയത്തുപോലും ആദിവാസി മേഖലകളിൽ കാട്ടാനശല്യമുണ്ട്.

ആദ്യമായാണ് വനമേഖലയിൽ ഇത്രയധികം ചൂട് അനുഭവപ്പെടുന്നതെന്ന് ആദിവാസികളും വനപാലകരും പറയുന്നു. വേനൽ അനുഭവപ്പെടാറുണ്ടെങ്കിലും ഉൾക്കാടുകളിൽ ഇത്രയധികം ഉണക്ക് അനുഭവപ്പെടാറില്ലെന്ന് ആദിവാസികൾ പറയുന്നു. വനാന്തരത്തിൽ പലയിടത്തും നീരുറവകളിൽ വെള്ളം കാണുന്നതാണ്. എന്നാൽ ഇത്തവണ ഉൾക്കാട്ടിൽ പോലും വരൾച്ച രൂക്ഷമാണ്.