saeyadhali

കുഴിത്തുറ: കളിയിക്കാവിളയിൽ എ.എസ്.ഐ വിത്സണെ കൊലപ്പെടുത്തിയ അബ്ദുൾഷമീമിനെയും തൗഫിക്കിനെയും സഹായിച്ച തിരുവനന്തപുരം തെറ്റിയോട് പുന്നക്കാട്ടിവിള സ്വദേശി സെയ്ദലിക്ക് (26) എതിരെ പൊലീസ് യു.എ.പി.എ ചുമത്തി. തിരുവനന്തപുരം നഗരത്തിലെ ആരാധനാലയത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന സെയ്ദലിയെ കന്യാകുമാരി സ്‌പെഷ്യൽ സ്‌ക്വാഡ് പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. നാഗർകോവിൽ നേശമണി നഗർ പൊലീസ് സ്റ്റേഷനിലെത്തിച്ച് കന്യാകുമാരി പൊലീസും എൻ.ഐ.എ ഉദ്യോഗസ്ഥരും ചോദ്യം ചെയ്തപ്പോഴാണ് സെയ്ദലി തെങ്കാശിയിൽ ഇന്ത്യൻ ഭരണഘടനക്ക് എതിരായി സംസാരിച്ച കേസിൽ പൊലീസ് തിരയുന്ന പ്രതിയാണെന്ന് വ്യക്തമായത്. ഈ കേസുമായി ബന്ധപെട്ട് തെങ്കാശിയിൽ അഞ്ചുപേർ അറസ്റ്റിലായിട്ടുണ്ട്. തെങ്കാശി പൊലീസ് ഇൻസ്‌പെക്ടർ ആടിവേലിന്റെ നേതൃത്വത്തിൽ ഇന്നലെ നാഗർകോവിലിലെത്തിയ സംഘത്തിന് പ്രതിയെ കൈമാറി. കനത്ത പൊലീസ് സുരക്ഷയിൽ ഇന്ന് ഉച്ചയ്ക്ക് ഇയാളെ തെങ്കാശി കോടതിയിൽ ഹാജരാക്കും.