കാർഷികമേഖലയാകെ തകർന്നുകിടപ്പാണെന്നതിൽ സഭയിൽ രണ്ട് പക്ഷമില്ല. ആര് തകർത്തുവെന്ന് ചോദിച്ചാൽ പക്ഷേ രണ്ട് പക്ഷമേയുള്ളുതാനും. കാർഷികപ്രതിസന്ധിയിൽ പ്രതിപക്ഷം അടിയന്തരപ്രമേയമുന്നയിച്ചപ്പോൾ കൃഷിമന്ത്രി സുനിൽകുമാർ കൈയോടെ ചർച്ചയ്ക്ക് സമ്മതിച്ചു. എത്ര ചർച്ച ചെയ്തിട്ടും തകർച്ചയുടെ 'അച്ഛനാ'ര് എന്നതിലൊരു തീർപ്പുണ്ടാക്കാനായില്ല. കർഷക ആത്മഹത്യയിൽ കയറിപ്പിടിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയതാണ് രണ്ടര- രണ്ടേമുക്കാൽ മണിക്കൂർ ചർച്ചയുടെ അനന്തരഫലം. അന്തിയോളം വെള്ളം കോരിയിട്ടൊടുവിൽ കുടമുടച്ചത് പോലെ!
കണ്ണ് തുറക്കാത്ത ദൈവങ്ങളേ, കരയാനറിയാത്ത, ചിരിക്കാനറിയാത്ത, കളിമൺ പ്രതിമകളേ... എന്ന് നീട്ടിപ്പാടി കർഷകർക്ക് വേണ്ടി വിലപിച്ചത് തികഞ്ഞ കർഷകനും സർവ്വോപരി ഗായകനുമായ പി.ജെ. ജോസഫാണ്. ആ ദൈവങ്ങൾ മന്ത്രിമാരാണെന്ന് പിന്നിൽ നിന്ന് കോറസ് ഉയരാതിരുന്നില്ല. ഒന്നുകൂടി പാടാൻ മന്ത്രി സുനിൽകുമാർ പ്രേരിപ്പിച്ചപ്പോൾ പി.ജെയ്ക്ക് പാടാതിരിക്കാനായില്ല. ആദ്യം പാടിയത് ശരിയാവാത്തതിനാൽ വീണ്ടും പാടാൻ പറഞ്ഞെന്നേയുള്ളൂ, അല്ലാതെ പ്രതിപക്ഷം തെറ്റിദ്ധരിക്കേണ്ട, എന്ന് സുനിൽകുമാർ പ്രതിപക്ഷത്തിന്റെ തെറ്റിദ്ധാരണ മാറ്റാൻ ശ്രമിച്ചു.
കർഷകരുടെ നെഞ്ചത്ത് കുത്തുകയാണ് സർക്കാരെന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ച സണ്ണിജോസഫ് കുറ്റപ്പെടുത്തി. കാലാവസ്ഥാവ്യതിയാനം സർക്കാരിന്റെ കുറ്റമാണോയെന്ന രാജു എബ്രഹാമിന്റെ സംശയം ന്യായമായിരുന്നു! കാർഷികപ്രതിസന്ധിയിൽ നഷ്ടം കർഷകനും ലാഭം കേന്ദ്രസർക്കാരിനും കുത്തകകമ്പനികൾക്കുമാണെന്നാണ് മുല്ലക്കര രത്നാകരന്റെ അഭിപ്രായം. എൻമകജെ അടയ്ക്കയുടെ പ്രസിദ്ധി പറയേണ്ടിയിരുന്നില്ലെന്ന് എം.സി. കമറുദ്ദീന് തോന്നിക്കാണണം. കുറ്റ്യാടിതേങ്ങയെ പാറയ്ക്കൽ അബ്ദുള്ളയും തിരൂർവെറ്റിലയെ സി. മമ്മൂട്ടിയും പിന്നാലെ എടുത്തിട്ടു. 140മണ്ഡലത്തിലെയും വിശേഷങ്ങളുമായി അംഗങ്ങളെഴുന്നേറ്റാൽ തന്റെ പ്രസംഗസമയം പോയിക്കിട്ടുമെന്ന് മനസിലാക്കിയ കമറുദ്ദീൻ സമയോചിതമായി അതിന് നിർദ്ദയം തടയിട്ടു. മറുപടിപ്രസംഗത്തിൽ കൃഷിമന്ത്രിയുടെ കൃഷിവിപ്ലവഗാഥകൾ കേട്ടപ്പോൾ പച്ചയാം വിരിപ്പിട്ട സഹ്യനിൽ തലചായ്ച്ചിരിക്കുന്നോയെന്ന് തോന്നിപ്പോയി.
കേരളത്തിൽ വികസന മുന്നേറ്റമുണ്ടാക്കാൻ ഭാവനാശാലിയായ ധനമന്ത്രിക്ക് സാധിച്ചതിൽ ബഡ്ജറ്റിന്റെ പൊതുചർച്ച തുടങ്ങിവച്ച ഡെപ്യൂട്ടി സ്പീക്കർ വി.ശശി ആഹ്ലാദവാനാണ്. ബി.ജെ.പിക്ക് കുടപിടിച്ച് കൊടുക്കുന്ന വലതുപക്ഷവ്യതിയാനം ഐസകിന്റെ ബഡ്ജറ്റിൽ ദർശിച്ചത് വി.ഡി. സതീശനാണ്. തിരഞ്ഞെടുപ്പ് വർഷത്തിൽ എൽ.ഡി.എഫ് വക വർണ്ണശബളമായ വെടിക്കെട്ടാണത്രെ ഇത്. പണമയക്കുന്നതും അത് വീതംവയ്ക്കുന്നതുമെല്ലാം വിവരിച്ച്, ഒടുവിൽ ഇതെല്ലാം ആഗ്രഹം മാത്രമാണെന്ന് പറഞ്ഞ് കത്തെഴുതിയ ലീക്ക്ബീരാന്റെ കഥ വിവരിച്ച് ഐസകിന്റെ ബഡ്ജറ്റിനെ വിശകലനം ചെയ്യാൻ പി.കെ.ബഷീർ തുനിഞ്ഞു.
വെടിയേറ്റ ഗാന്ധിജിയുടെ കവർചിത്രമുള്ള ബഡ്ജറ്റ്പ്രസംഗം സി.ദിവാകരനെ ഇരുത്തിച്ചിന്തിപ്പിക്കുന്നു. ഇന്ത്യാമഹാരാജ്യമാകെ കൈവിട്ട് പോകുന്നതിൽ അദ്ദേഹം വ്യാകുലചിത്തനായി. ദാസ് ക്യാപ്പിറ്റലിനെയും ക്യാപ്പിറ്റൽ പണിഷ്മെന്റിനെയും പറ്റി വാചാലനാകുന്ന ധനമന്ത്രി ക്യാപ്പിറ്റൽസിറ്റിക്ക് ക്യാപ്പിറ്റൽപണിഷ്മെന്റ് നൽകിയെന്ന് വി.എസ്. ശിവകുമാർ കുണ്ഠിതപ്പെട്ടു. വെറുതെയീ മോഹങ്ങൾ എന്നറിയുമ്പോൾ വെറുതെ മോഹിക്കുവാൻ മോഹം എന്ന ഒ.എൻ.വിയുടെ വരികൾ കൂടി ഐസകിന്റെ ബഡ്ജറ്റിൽ ചേർത്താൽ ഉത്തമമാകുമെന്നാണ് ശിവകുമാറിന്റെ ബോദ്ധ്യം. കിട്ടിയ പണത്തിന് പഞ്ചവടിപ്പാലം പണിയാതെ മുഖ്യന്റെ ചങ്കിലെ ഉറപ്പ് പോലുള്ള 68പാലങ്ങൾ ഈ സർക്കാർ പണിതെന്ന് കെ.ഡി. പ്രസേനൻ ഊറ്റം കൊണ്ടു.