കഴക്കൂട്ടം: കണിയാപുരത്ത് മോഷണ പരമ്പര, നിർജീവമായി പൊലീസ്. കഴിഞ്ഞ ഒരുമാസത്തിനിടയിൽ അമ്പലങ്ങളും പള്ളികളും, കടകളും, വീടുകളിലും തുടർച്ചായി മോഷണങ്ങൾ നടത്തിയിട്ട് ഒരു തുമ്പും ഉണ്ടാക്കാൻ കഴിയാതെ പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. ആദ്യം കണ്ടൽ ഭഗവതി ക്ഷേത്രത്തിലെ ഓഫീസ് വാതിൽ ഇളക്കിമാറ്റുകയും, ഉപദേവതകൾക്ക് മുൻപിലെ മുഴുവൻ കാണിക്ക വഞ്ചികളും കുത്തിത്തുറന്ന് പണം അപഹരിച്ചു. അതിന്റെ പിറ്റേദിവസം ശബരിമലയിൽ പോയ തക്കം നോക്കി ടെക്നോപാർക്ക് ജീവനക്കാരൻ താമസിച്ചിരുന്ന ഇതിനടുത്തെ വാടക വീട് കുത്തിതുറന്ന് പൈസയും സാധനങ്ങളും മോഷ്ടിച്ചു. അതിനുശേഷം കണിയാപുരം ആലുംമൂട്ടിലെ പഴയ മുസ്ളീം പള്ളിയിലെ കാണിക്കപ്പെട്ടി തകർത്ത് മുഴുവൻ തുകയും കൊണ്ടുപോയി. അടുത്ത ദിവസം സമീപത്തെ ചായക്കട, തട്ടുകട മലക്കറികട, ലോട്ടറികട എന്നിവിടങ്ങളിൽ അരിച്ചുപറക്കി മോഷണ നടത്തുകയും കടകൾക്ക് കേടുപാടും വരുത്തി. അതിനുശേഷമാണ് പള്ളിപ്പുറം നാഗരാജ ക്ഷേത്രത്തിലും ഏറ്റവുമൊടുവിൽ വില്ലേജ് ഓഫീസിലും കവർച്ച നടത്തിയത്. എല്ലായിടത്തെയും മോഷണങ്ങൾക്ക് സമാന സ്വഭാവമുള്ളതിനാൽ ഒരേ കള്ളനാണെന്നാണ് ഇതിന് പിന്നിലെന്ന് സംശയം ബലപ്പെടുന്നു. സി.സി ടിവി കാമറയിൽ പതിഞ്ഞ കള്ളന്റെ ദൃശ്യം സഹിതം നാട്ടുകാർ മംഗലപുരം പൊലീസിൽ ഏൽപ്പിച്ചുവെങ്കിലും കാര്യമായ അന്വേഷണം നടത്താൻ പൊലീസ് മിനക്കെട്ടില്ലെന്ന് വ്യാപക പരാതിയുണ്ട്. മുൻപൊക്കെ മോഷണം നടന്നാൽ മൂന്നുദിവസത്തിനകം കള്ളനെ പൊലീസ് പിടികൂടിയിരിക്കും. എന്നാൽ കഴിഞ്ഞ രണ്ടുകൊല്ലമായി രാത്രി കാല പടോളിംഗ് പോലും നടത്താറില്ലെന്നും, നാഥനില്ലാത്തവസ്ഥയിലാണ് ടെക്നോസിറ്റി ഉൾപ്പെടുന്ന പള്ളിപ്പുറവും കണിയാപുരവുമെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.