തിരുവനന്തപുരം:ശമ്പളം നൽകുന്ന സർക്കാരിന് വാടക നൽകി എയ്ഡഡ് സ്കൂളുകൾ ഏറ്റെടുക്കാൻ പ്രയാസമില്ലെന്ന് മുഖ്യമന്ത്രി സി.പി.എം അദ്ധ്യാപക സംഘടനയുടെ പൊതുസമ്മേളനത്തിൽ പ്രസംഗിച്ചെങ്കിലും അത്തരം നീക്കങ്ങളൊന്നും സർക്കാർ നടത്തില്ല. പുതിയ തസ്തിക സൃഷ്ടിക്കാൻ കർശന പരിശോധനകളും കുട്ടികളുടെ തലയെണ്ണാൻ ബയോമെട്രിക് ഹാജരും ഏർപ്പെടുത്തുമെന്ന് മാത്രം.

സംസ്ഥാനത്തെ 45ലക്ഷം കുട്ടികളിൽ 26 ലക്ഷവും പഠിക്കുന്നത് എയ്ഡഡ് സ്കൂളുകളിലാണ്. സർക്കാർ സ്കൂളുകളിൽ 15ലക്ഷം കുട്ടികൾ മാത്രമാണുള്ളത്. 8210 എയ്ഡഡ് സ്കൂളുകളാണ് സംസ്ഥാനത്തുള്ളത്. ഗ്രാമങ്ങളിൽ പോലും എയ്ഡഡ് സ്കൂളുകളുണ്ട്. സർക്കാർ സ്കൂളുകളാവട്ടെ 5995എണ്ണം മാത്രം. കാൽക്കോടിയിലേറെ കുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യമൊരുക്കുന്ന മികച്ച ഗുണനിലവാരമുള്ള എയ്ഡഡ് സ്കൂളുകളെ തകർക്കുന്ന സമീപനം സ്വീകരിക്കില്ലെന്ന് സർക്കാർ വിശദീകരിക്കുന്നു.

അദ്ധ്യാപക തസ്തികകൾ നേടിയെടുക്കുന്നതിലെ ചില തെറ്റായ പ്രവണതകൾ തിരുത്താൻ മാത്രമാണ് സർക്കാരിന്റെ ഇടപെടൽ. പുതിയ അദ്ധ്യാപക തസ്തിക സൃഷ്ടിക്കൽ ഏറ്റെടുത്തുകൊണ്ടാണ് വിദ്യാഭ്യാസ നിയമത്തിൽ (കെ.ഇ.ആർ) സർക്കാർ ഭേദഗതി വരുത്തുന്നത്. നിലവിൽ എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലെ അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കുന്നത് സർക്കാരാണ്. എന്നാൽ നിയമഭേദഗതിയെ കോടതിയിൽ ചോദ്യം ചെയ്യാനാണ് എയ്ഡഡ് മാനേജ്മെന്റ് അസോസിയേഷന്റെ തീരുമാനം. . സർക്കാരിന്റെ അറിവില്ലാതെ 18119 തസ്തികകൾ സൃഷ്ടിച്ചെന്നും 13255 പ്രോട്ടക്ടഡ് അദ്ധ്യാപകരുണ്ടെന്നുമുള്ള ബഡ്‌ജറ്റ് പ്രസംഗത്തിലെ കണക്കുകൾ തെറ്റാണെന്ന് മാനേജ്മെന്റ് അസോസിയേഷൻ പറയുന്നു. 3047 പേരേ അദ്ധ്യാപക ബാങ്കിലുള്ളൂവെന്നാണ് അസോസിയേഷന്റെ കണക്ക്.

കൃത്രിമങ്ങൾ

പലവിധം

ഇല്ലാത്ത കുട്ടികളെ കണക്കിൽപപെടുത്തി, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനീച്ച് തസ്തികകൾ നേടിയെടുക്കുന്നു.

സർക്കാർ സ്കൂളുകളിലെയും ഒരു മാനേജ്മെന്റിന്റെ മറ്റ് സ്കൂളുകളിലെയും കുട്ടികളെ തലയെണ്ണലിന് ഹാജരാക്കും

ആറാം ദിവസത്തെ കണക്കെടുപ്പിനുശേഷം കുട്ടികൾ 'യഥാർത്ഥ' സ്കൂളിലേക്കു പോവും

എൽ.പിയിൽ30, യു.പിയിൽ 35എന്നിങ്ങനെയാണ് വിദ്യാർത്ഥി, അദ്ധ്യാപക അനുപാതം. ഒരുകുട്ടി കൂടിയാൽ തസ്തിക ഒന്നു കൂട്ടാം

അദ്ധ്യാപക നിയമനത്തിന് വൻതോതിൽ പണപ്പിരിവ്

സർക്കാർ ഇനി

ചെയ്യുന്നത്

 കുട്ടികളുടെ എണ്ണത്തിലെ തട്ടിപ്പു തടയാൻ ബയോമെട്രിക് ഹാജർ

 എ.ഇ.ഒ, ഡി.ഇ.ഒ പരിശോധനയ്ക്ക് പുറമെ സൂപ്പർ ചെക്ക്

എ.ഇ.ഒ, ഡി.ഇ.ഒ ഓഫീസുകൾ കേന്ദ്രീകരിച്ചുള്ള അഴിമതി തടയാൻ പരിശോധനകൾ

, സ്കൂളുകളിൽ ഇടയ്ക്കിടെ കുട്ടികളുടെ എണ്ണമെടുക്കും

 അദ്ധ്യാപക തസ്തികൾ അനുവദിക്കേണ്ടത് മന്ത്രിസഭ; ഉത്തരവിറക്കേണ്ടത് വിദ്യാഭ്യാസ സെക്രട്ടറി

''ബഡ്‌ജറ്റിലെ പ്രഖ്യാപനമല്ലാതെ ഇതിനുള്ള ഒരു നീക്കവും തുടങ്ങിയിട്ടില്ല. വിശദമായ പരിശോധനയ്ക്ക് ശേഷമേ തീരുമാനമെടുക്കൂ.''

- വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ്

''അദ്ധ്യാപക തസ്തിക നിർണ്ണയത്തിന് വ്യക്തമായ മാനദണ്ഡം വേണം. ഹയർസെക്കൻഡറിയിൽ നിലവിൽ 1:65 എന്ന അദ്ധ്യാപക വിദ്യാർത്ഥി അനുപാതം 1:30 ആക്കണം.''

-ആർ.അരുൺകുമാർ

പ്രസിഡന്റ്, എയ്ഡഡ് ഹയർസെക്കന്ററി ടീച്ചേഴ്‌സ് അസോസിയേഷൻ