mullapally

തിരുവനന്തപുരം: പാർട്ടി ഭാരവാഹിത്വം അലങ്കാരമാക്കി ആരും വിലസി നടക്കേണ്ടെന്ന് ഇന്നലെ ചേർന്ന കെ.പി.സി.സി പുതിയ ഭാരവാഹികളുടെ യോഗത്തിൽ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്നറിയിപ്പ്. ചുമതലാനിർവഹണത്തിൽ വീഴ്ച വരുത്തുന്നവർ ആരായാലും ആ സ്ഥാനത്തുണ്ടാവില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

പുതിയ ജനറൽസെക്രട്ടറിമാർക്ക് ജില്ലകളുടെ ചുമതലകൾ നൽകിയിട്ടുണ്ട്. അവരും അവർ ചുമതലകളേല്പിക്കുന്ന ഡി.സി.സി ഭാരവാഹികളും ഉത്തരവാദിത്വ നിർവ്വഹണത്തിൽ വീഴ്ച വരുത്തരുത്. ഇനിയുള്ള പതിനഞ്ച് മാസക്കാലം വിശ്രമമില്ലാത്ത പ്രവർത്തനമാണ് വേണ്ടത്.. എല്ലാവരുടെയും പ്രവർത്തനം കെ.പി.സി.സിയിൽ നിരീക്ഷിക്കും. പ്രവർത്തന റിപ്പോർട്ട് കെ.പി.സി.സിക്ക് കൃത്യമായി കൈമാറണം. പാർട്ടി വാർഡ് തല പുന:സംഘടന ഈ മാസം 28നകം പൂർത്തീകരിച്ച് റിപ്പോർട്ട് ചെയ്യണം.

പാർട്ടിയും പോഷകസംഘടനകളും ഒരേ വിഷയത്തിൽ സമരം ചെയ്യുന്ന രീതി മാറണം. സുപ്രധാനവിഷയങ്ങൾ പാർട്ടി ഏറ്റെടുക്കുമ്പോൾ പോഷകസംഘടനകൾ അവരുടെ വിഷയങ്ങൾ ഏറ്റെടുക്കണം. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളെ മുഖ്യമന്ത്രി വിദഗ്ദ്ധമായി കബളിപ്പിക്കുകയാണ്. തദ്ദേശഭരണ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ എല്ലാ തലങ്ങളിലും ഉടൻ തുടങ്ങും. സംസ്ഥാന ബഡ്ജറ്റിലെ നികുതിഭാരം ഉയർത്തിക്കാട്ടി ഈ മാസം 26ന് വില്ലേജോഫീസുകൾക്ക് മുന്നിൽ ധർണ്ണ നടത്തും. പാർട്ടി ക്യാമ്പും സമ്പൂർണ്ണ കെ.പി.സി.സി സമ്മേളനവും ഉടൻ നടത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു.കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോയാൽ ആർക്കും തോല്പിക്കാനാവില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കെ.പി.സി.സിയിൽ

വാർറൂം

സോഷ്യൽമീഡിയ ചർച്ചകളെ നിയന്ത്രിക്കാനും ചാനൽചർച്ചകളിൽ പാർട്ടിപ്രതിനിധികൾ പറയേണ്ട കാര്യങ്ങൾ തീരുമാനിക്കാനുമായി കെ.പി.സി.സിയിൽ വാർറൂം സജ്ജമാക്കും. ഇതിനായി പ്രത്യേകസമിതി രൂപീകരിക്കും. ചാനൽചർച്ചകളിലുയരുന്ന വിഷയങ്ങളിൽ പാർട്ടി നിലപാട് രൂപീകരിക്കുന്നത് ഈ സമിതിയാകും. ചർച്ചയ്ക്കിടയിൽ തർക്ക വിഷയങ്ങളിൽ നിലപാട് പറയേണ്ടതുണ്ടെങ്കിൽ ഉടനടി വാർറൂമിൽ നിന്ന് സന്ദേശം കൈമാറും.

സഭാതർക്കത്തിൽ

വിമർശനം

ഓർത്തഡോക്സ്- യാക്കോബായ സഭാതർക്കത്തിൽ പാർട്ടി ഇടപെടാതെ മാറിനിൽക്കുന്നത് ശരിയല്ലെന്ന് യോഗത്തിൽ ജോസഫ് വാഴയ്ക്കനും സക്കീർ ഹുസൈനും പറഞ്ഞു..അനിൽ അക്കര എം.എൽ.എ ഫേസ്ബുക്കിൽ അഭിപ്രായം പറയേണ്ടിയിരുന്നില്ലെന്ന അഭിപ്രായവുമുയർന്നു. കോൺഗ്രസിനോടും യു.ഡി.എഫിനോടും അടുപ്പം പുലർത്തുന്നവരാണ് ഇരുവിഭാഗങ്ങളും..പാർട്ടി നിലപാട് തീരുമാനിച്ചറിയിക്കാൻ മുല്ലപ്പള്ളി, ഉമ്മൻ ചാണ്ടി, ചെന്നിത്തല എന്നിവരെ യോഗം ചുമതലപ്പെടുത്തി.