തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി പുതിയ വാഹനങ്ങൾ വാങ്ങില്ലെന്നും പകരം മാസവാടകയ്ക്ക് വാഹനങ്ങളെടുക്കുക എന്നതാണ് നയമെന്നും വെള്ളിയാഴ്ച ബഡ്ജറ്റിൽ പ്രഖ്യാപിച്ചതിന് ധനമന്ത്രി ഡോ. തോമസ് ഐസക്കിന് നാലാംനാൾ നയം മാറ്റം. ഡൽഹി കേരളഹൗസിലേക്കടക്കം എട്ട് പുതിയ കാറുകൾ വാങ്ങാനുള്ള തീരുമാനം ഇന്നലെ അദ്ദേഹം ഉപധനാഭ്യർത്ഥനയിലുടെ സഭയെ അറിയിച്ചു. . ഡൽഹിയിൽ സംസ്ഥാനസർക്കാരിന്റെ പ്രത്യേക പ്രതിനിധി എ. സമ്പത്തിനാണ് കേരളഹൗസിലേക്കുള്ള വാഹനമെന്ന് സൂചനയുണ്ട്.വാഹനങ്ങൾക്കെല്ലാം ടോക്കൺ തുകയാണ് അനുവദിച്ചിരിക്കുന്നത്. ഏതുതരം വാഹനങ്ങളാണ് വാങ്ങുന്നതെന്ന് വ്യക്തമല്ല. വാങ്ങുന്ന വാഹനങ്ങളുടെ വിലയനുസരിച്ച് അധികഫണ്ട് ധനവകുപ്പ് നൽകും. .
വാഹനങ്ങൾ മാസവാടകയ്ലേയ്ക്ക് മാറുന്നതിനുള്ള ഉത്തരവ് കൂടുതൽ കർശനമായി നടപ്പാക്കുമെന്നാണ് ബഡ്ജറ്റിലെ പ്രഖ്യാപനം. . കേന്ദ്രസ ർക്കാർസ്ഥാപനമായ ഇ.ഇ.എസ്.എല്ലുമായി കരാറുണ്ടാക്കി ഇലക്ട്രിക് കാറുകൾ വാടകയ്ക്ക് എടുക്കുന്നതിന് തയ്യാറായാൽ 1000 വണ്ടിക്ക് 7.5കോടി രൂപയെങ്കിലും ലാഭിക്കാനാകുമെന്നും ബഡ്ജറ്റ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
പുതിയ 8 കാറുകൾ ഇവർക്ക്
1. സെയിൽ ടാക്സ് കമ്മിഷണർ
2. ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ
3. കോട്ടയം പി.ഡബ്‌ള്യു.ഡി റോഡ്സ് എക്സിക്യൂട്ടീവ് എൻജിനിയർ
4.സംസ്ഥാന ശാസ്ത്ര, സാങ്കേതിക, പരിസ്ഥിതി വകുപ്പ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്.
5. അർബൻ അഫയേഴ്സ് ഡയറക്ടർ
6.ആലപ്പുഴ ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ
7.എൽ.എസ്.ജി.ഡി ഓംബുഡ്സ്മാൻ
8. ന്യൂഡൽഹി കേരളഹൗസ്.