crime
crime

നെടുമങ്ങാട് : വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഗണിത കവിതാ പുസ്തകത്തിന്റെ പുറം ചട്ടയിൽ മതചിഹ്നം ഉള്ളതിന്റെ പേരിൽ കവിത എഴുതിയ അദ്ധ്യാപികയ്ക്ക് വധഭീഷണി. അഴീക്കോട് ഗവ. യു.പി സ്കൂളിലെ എം.ടി.രാജലക്ഷ്മിക്കാണ് വാട്സ് ആപ്പിലൂടെ ഭീഷണി എത്തിയത്. 'പഠിപ്പിച്ചതൊക്കെ മതി. ഞങ്ങൾ വീട്ടിലേക്ക് വരുന്നുണ്ട് " എന്നാണ് ഭീഷണി. അദ്ധ്യാപിക അരുവിക്കര പൊലീസിൽ പരാതി നല്കി. കേസെടുത്തെങ്കിലും ആരെയും അറസ്റ്റു ചെയ്തിട്ടില്ല.

അദ്ധ്യാപികയെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കാമ്പസ് ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തർ ഇന്നലെ സ്കൂളിലേക്ക് മാർച്ച് നടത്തി. പൊലീസും പൊതുപ്രവർത്തകരും സന്ദർഭോചിതമായി ഇടപെട്ടതിനാൽ സംഘർഷം ഒഴിവായി.

കവിത എഴുതിയ അദ്ധ്യാപികയോടും വിതരണം ചെയ്ത സ്വപ്ന എന്ന അദ്ധ്യാപികയോടും നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയതിന് ശേഷമാണു പ്രതിഷേധക്കാർ പിന്തിരിഞ്ഞത്. അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.മിനി, നെടുമങ്ങാട് എ.ഇ.ഒ രാജ്‌കുമാർ, അരുവിക്കര സി.ഐ ഷിബുകുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധക്കാരുമായി ചർച്ച നടത്തി. സ്കൂളിലേക്ക് പ്രകടനം നടത്തിയതിന് പൊലീസ് കേസെടുത്തിട്ടില്ല.

കവിതയിൽ മതം ഇല്ല

''എങ്ങുമെങ്ങും നിറയും ഗണിതമേ...എന്റെ ബുദ്ധിയിൽ കുടിയിരിക്കേണേ... എന്റെ ഊഹങ്ങൾ പിഴയ്ക്കാതിരിക്കാൻ കാണുന്നതിൽ ഗണിതം തിരിയണേ..." എന്ന് തുടങ്ങുന്ന 12 വരി കവിതയിൽ മതപ്രീണനവുമായി ബന്ധപ്പെട്ട പരാമർശങ്ങളൊന്നുമില്ല. ഉപജില്ലാ ഗണിത ശാസ്ത്രോത്സവത്തിൽ അവതരിപ്പിക്കാൻ തയ്യാറാക്കിയതാണ് കവിത.

അയ്യപ്പന്റെയും സരസ്വതി ദേവിയുടെയും ചിത്രങ്ങൾ, ഓം എന്നിവ ഉൾപ്പെടുത്തി പുസ്തകത്തിന്റെ പുറംചട്ട തയ്യാറാക്കിയത് വിരമിച്ച അദ്ധ്യാപകനാണ്. ഇതുസംബന്ധിച്ച് രാജലക്ഷ്മി പൊലീസിലും വിദ്യാഭ്യാസ അധികൃതർക്കും വിശദീകരണം നല്കി.

''മറ്റ് ചില സ്കൂളുകളിൽ കവിത വിതരണം ചെയ്തിരുന്നു. എന്റെ സ്കൂളിൽ പ്രശ്നം ഉണ്ടായപ്പോൾ പുറംചട്ട് തയ്യാറാക്കിയ അദ്ധ്യാപകൻ തന്നെ പരിഹരിക്കാനായെത്തി. എന്നാൽ ഒത്തുതീർപ്പുണ്ടാക്കാതെ ചിലർ വഷളാക്കാനാണ് ശ്രമിച്ചത്. എസ്.എഫ്.ഐയിലും ഡി.വൈ.എഫ്.ഐയിലും പ്രവർത്തിച്ചു വന്ന എന്നെ ആർ.എസ്.എസ് ആക്കി ചിത്രീകരിക്കാനാണ് ശ്രമം''

- എം.ടി.രാജലക്ഷ്മി