സമൂഹത്തിലെ ക്ലാസ് വിഭജനത്തിന്റെ രാഷ്ട്രീയമുയർത്തി ഓസ്‌കറിൽ ഏഷ്യയുടെ അഭിമാനമായി ബോംഗ് ജൂൺ ഹോയുടെ ദക്ഷിണ കൊറിയൻ ചിത്രം പാരസൈറ്റ്. 92 വർഷത്തെ ഓസ്‌കർ ചരിത്രത്തിലാദ്യമായി ഒരു ഇംഗ്ലീഷ് ഇതരഭാഷാ ചിത്രം ഓസ്‌കർ വേദിയിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടതോടെ പാരസൈറ്റ് ഏഷ്യൻ വൻകരയ്ക്കു തന്നെ അഭിമാനമാകുന്നു. അന്നന്നത്തേക്കുള്ള അന്നം തേടാൻ പാടുപെടുന്നവരും ദരിദ്രരുമായ കിം കുടുംബത്തിന്റേയും, സമ്പന്നരായ പാർക്ക് കുടുംബത്തിന്റേയും കഥയാണ് പാരാസൈറ്റ്. രണ്ടു വിഭാഗത്തിന്റെയും വ്യത്യാസം സിനിമയിൽ പറയുന്നുണ്ട്.
ഉപരിവർഗത്തിന്റെ പ്രതിനിധിക്ക് അദ്ധ്വാനിക്കുന്നവന്റെ കുപ്പായത്തിന്റെ മണം ഓക്കാനമുണ്ടാക്കുന്നു. ലോകം എത്ര ആധുനികവത്കരിക്കപ്പെട്ടാലും മനുഷ്യരിൽ ഉപരിവർഗമെന്നും കീഴാളവർഗമെന്നുമുള്ള രണ്ടു വിഭാഗം ഇപ്പോഴും പ്രബലമാണെന്നും ലോകം നിയന്ത്രിക്കുന്നത് അതിസമ്പന്നരായ ഒരു കൂട്ടം മനുഷ്യരാണെന്നും പാരസൈറ്റ് പറഞ്ഞുവയ്ക്കുന്നു.ഗൗരവമുള്ള പ്രമേയമാണ് മുന്നോട്ടു വയ്ക്കുന്നതെങ്കിലും അവതരണത്തിലെ ലാളിത്യം കൊണ്ടാണ് പാരസൈറ്റ് ശ്രദ്ധിക്കപ്പെട്ടത്. രസകരമായ ആഖ്യാനമാണ് സിനിമ കാണികൾക്ക് സാദ്ധ്യമാക്കുന്നത്. ദക്ഷിണ കൊറിയൻ ബോക്സ് ഓഫീസിൽ വൻവിജയമായിരുന്ന ചിത്രം ജനപ്രീതിയെ തുടർന്ന് ഒട്ടേറെ ലോക രാജ്യങ്ങളിലും റിലീസ് ചെയ്യുകയുണ്ടായി.കാനിലാണ് പാരസൈറ്റ് ആദ്യം പ്രദർശിപ്പിച്ചത്. കാനിൽ ഗോൾഡൻ ഗ്ലോബും നേടി. തുടർന്ന് ഗോവ, കേരള രാജ്യാന്തര മേളകളിലും പ്രദർശിപ്പിച്ച് ശ്രദ്ധ നേടി.മെമ്മറീസ് ഒഫ് മർഡർ, മദർ, സ്‌നോപിയേഴ്സർ എന്നീ സിനിമകളിലൂടെ രാജ്യാന്തര ശ്രദ്ധ നേടിയ സംവിധായകനാണ് ബോംഗ് ജൂൺ ഹോ.