കഴക്കൂട്ടം: പുത്തൻതോപ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഉപകരണങ്ങൾ നശിപ്പിക്കുകയും ഡോക്ടറേയും മറ്റ് ജീവനക്കാരേയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ മൂന്നുപേർ പിടിയിൽ. ചിറ്റാറ്റുമുക്ക് ചിറയ്ക്കൽ സ്വദേശികളായ സമീർ(20), അൽജസീം മൻസിലിൽ ഉരുളി എന്നു വിളിക്കുന്ന ജസീം(24), കൊച്ചു ഷാജി എന്ന ഷാജി (28) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്കായിരുന്നു സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന ലേഡി ഡോക്ടറെ അസഭ്യം വിളിക്കുകയും കയ്യേറ്റം ചെയ്യുകയും രോഗികളെ ഭീഷണിപ്പെടുത്തുകയും ആശുപത്രിയിലെ ജനാലയും കൂളറും നശിപ്പിക്കുകയുമായിരുന്നു. കൂടാതെ പക്ഷാഘാതത്തിന് ചികിത്സയിലായിരുന്ന കാൻസർ രോഗി ചിറയ്ക്കൽ ആറ്റരികത്ത് വീട്ടിൽ രാജേന്ദ്രന്റെ ഭാര്യ ഷൈലജയെ ദേഹോപദ്റവം ഏൽപ്പിക്കുകയും ചെയ്തു. ചാന്നാങ്കര സംസം കോട്ടേജിൽ ഷാഫിയുടെ മാരുതി വാൻ അടിച്ചു തകർത്ത കേസിലും നിരവധി വാഹനങ്ങൾ തകർത്ത കേസുകളിലും ഇവർ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. സമീറിന്റെ പേരിൽ കഠിനംകുളം, മെഡിക്കൽ കോളേജ്, കഴക്കൂട്ടം, ശ്രീകാര്യം സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്. ഈ കേസുകളിൽ ജാമ്യത്തിൽ കഴിഞ്ഞു വരവെയാണ് വീണ്ടും അറസ്റ്റിലാകുന്നത്. മറ്റുള്ള പ്രതികളുടെ പേരിൽ വിവിധ സ്റ്റേഷനുകളിൽ കഞ്ചാവ് വില്പന ഉൾപ്പടെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കഠിനംകുളം എസ്.എച്ച്.ഒ പി.വി. വിനേഷ് കുമാർ, എസ്.ഐമാരായ പി. അഭിലാഷ്, ഇ.പി.സവാദ് ഖാൻ,കൃഷ്ണപ്രസാദ്, എ.എസ്.ഐ രാജു,ബിനു,നിസ്സാം, സി.പി.ഒമാരായ രാജേഷ്, വരുൺ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.