photo

പാലോട്: ഹരിയാന കാട്ടു പോത്തിന്റെ (മുറേ പോത്ത്) സായാഹ്ന നടത്തം പാലോട് കാർഷിക മേളയിൽ കൗതുകമായി. നിരത്തുകളിൽ വഴിയാത്രക്കാരുടെ ഇടയിലൂടെ 1,500 കിലോയിലധികം തൂക്കം വരുന്ന പോത്തിന്റെ ഉശിരൻ നടത്തം കാണാൻ നൂറുകണക്കിനാളുകളാണ് തടിച്ചു കൂടിയത്. കുടിമാടുകൾ, പാണ്ടിമാടുകൾ, കിഴക്കൻ മാടുകൾ, തെലുങ്കാന പോത്തുകൾ, ബെല്ലാരി പോത്തുകുട്ടികൾ, ജെല്ലിക്കെട്ട് കാളകൾ മുതലായവയുടെ വില്പനയും മേളയിൽ സജീവമാണ്. മേളയിലെത്തിയ, കാലികളിലെ രാജനായ ഹരിയാന കാട്ടുപോത്തിന്റെ സായാഹ്ന നടത്തത്തിന് ചെയർമാൻ എം.ഷിറാസ്ഖാനും ജനറൽ സെക്രട്ടറി ഇ.ജോൺകുട്ടിയും ഉൾപ്പെടെ സംഘാടക സമിതി ഭാരവാഹികൾ അകമ്പടിയായെത്തി. മേളയിൽ കുടുംബശ്രീ ഉത്പന്നങ്ങളുടെ ധാരാളിത്തവും ശ്രദ്ധേയമായിട്ടുണ്ട്. പെരിങ്ങമ്മല, നന്ദിയോട്, പാങ്ങോട് ഗ്രാമപഞ്ചായത്തുകളിലെ വാർഡുതല അയൽക്കൂട്ടം പ്രവർത്തകരുടെ കരകൗശല ഉത്പന്നങ്ങളാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. തൂവലിലും ചിരട്ടയിലും നിർമ്മിച്ച നിരവധി ഉത്പന്നങ്ങൾ വില്പനയ്ക്കായി വച്ചിട്ടുണ്ട്. സ്വയംസംരംഭക ഉത്പന്ന വിപണന സ്റ്റാളുകളുടെ ഉദ്‌ഘാടനം പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്രകുമാരി നിർവഹിച്ചു. സാംസ്കാരിക സമ്മേളനത്തിൽ ഡോ.ജോർജ് ഓണക്കൂർ അദ്ധ്യക്ഷനായി. പിരപ്പൻകോട് മുരളി ഉദ്‌ഘാടനം ചെയ്തു. ദേശമംഗലം രാമകൃഷ്ണൻ,ഡോ.എം.എ സിദ്ദിഖ്,സജീവപിള്ള,കാഞ്ഞിരംപാറ മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു. പുസ്തക പ്രകാശനവും നടന്നു. അമച്വർ നാടക മത്സരത്തിൽ നീലക്കുറുക്കൻ,കുരുവി പോകുന്നു,അപ്പൻ പറഞ്ഞ കഥകൾ,അവാർഡ് എന്നീ നാടകങ്ങൾ അരങ്ങേറി. ഇന്ന് ഉച്ചയ്ക്ക് മലയോര കർഷക കോൺഗ്രസും കർഷക ശ്രേഷ്ഠ അവാർഡ് ദാനവും നടക്കും. മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്‌ഘാടനം ചെയ്യും.