കോവളം: ഭാര്യ മരിച്ചതിന്റെ 40 ന് ദു:ഖിതനായി കിണറ്റിൽച്ചാടിയ വൃദ്ധൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. തിരുവല്ലം പാലപ്പൂർ മഹാലക്ഷ്മി ക്ഷേത്രത്തിനുസമീപം പ്ലാവിള വീട്ടിൽ റിട്ട. കാർഷിക കോളേജ് ജീവനക്കാരൻ ദിവാകരൻ നാടാർ (86) ആണ് മരിച്ചത്. ഭാര്യ കമലം മരിച്ചതിനുശേഷം കുടുംബ വീട്ടിൽ ഒറ്റയ്ക്കുതാമസിച്ചു വരികയായിരുന്നു. ഇന്നലെ ആഹാരത്തിനുശേഷം കുടുംബ വീടിന്റെ സമീപത്തെ ആഴമുള്ള കിണറിൽ ചാടുകയായിരുന്നു. ശബ്ദം കേട്ട് ബന്ധുക്കൾ ഓടിക്കൂടുകയും വിഴിഞ്ഞം ഫയർഫോഴ്സിനെ അറിയിക്കുകയുംചെയ്തു. ഫയർഫോഴ്സ് വാഹനത്തിൽ ഇയാളെ വണ്ടിത്തടത്ത് എത്തിച്ച് അവിടെനിന്ന് 108 ൽ മെ‌ഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു . എക്സ്റേ എടുക്കാൻ വീൽചെയറിൽ പോകുംവഴി രക്തം ഛർദ്ദിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു . മക്കൾ: ഗിരിജ, സുരേഷ്കുമാർ, സതീഷ്കുമാർ, ജലജകുമാരി.