02

പോത്തൻകോട്: മടവൂർപ്പാറ ഗുഹാക്ഷേത്രത്തിന്റെ ഭാഗമായ പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ നാലംഗ സംഘത്തിലെ യുവാവ് മുങ്ങിമരിച്ചു. പ്ലാമൂട് ചിറ്റിക്കര തിരുവോണത്തിൽ വിജയകുമാരൻ നായർ - പുഷ്‌പലത ദമ്പതികളുടെ മകൻ രാഹുൽവിജയ് ആണ് ( 24 ) മരിച്ചത്. പോത്തൻകോട്ടെ പ്രമുഖ വ്യാപാര സ്ഥാപനമായ രാഹുൽ ഏജൻസി ഉടമയാണ് വിജയകുമാരൻ നായർ. ഇന്നലെ വൈകിട്ട് 5.30ന് പുരാവസ്‌തു വകുപ്പിന്റെ അധീനതയിലുള്ള മടവൂർപ്പാറ ഗുഹാക്ഷേത്രത്തിന്റെ ഭാഗമായ കല്ലടിച്ചവിള ഭാഗത്ത് പാറഖനനം ചെയ്‌ത ചീനിവിളക്കുളത്തിൽ കുളിക്കാൻ ഇറങ്ങുമ്പോഴായിരുന്നു അപകടം. നാലംഗ സുഹൃത്ത് സംഘത്തിലെ മൂന്നുപേർ മാത്രമാണ് കുളിക്കാനിറങ്ങിയത്. ഷർട്ടും പാന്റും ഷൂവും ധരിച്ച് വെള്ളത്തിലിറങ്ങി നീന്തുന്നതിനിടെയാണ് രാഹുൽ അപകടത്തിൽപ്പെട്ടത്. മറ്റുള്ളവരുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ കഴക്കൂട്ടം ഫയർഫോഴ്സിലും പോത്തൻകോട് പൊലീസിലും വിവരം അറിയിച്ചു. കഴക്കൂട്ടം ഫയർസ്റ്റേഷൻ ഓഫിസർ കെ.പി. മധു, എഫ്.ആർ.ഒമാരായ സന്തോഷ്‌കുമാർ, ദിനേശ്, അനിൽകുമാർ, ബാലചന്ദ്രനാഥ്, ബാഹുലേയൻ നായർ, നാട്ടുകാരായ ഷമീർ സജാദ് എന്നിവരുടെ സഹായത്തോടെ ലൈഫ് ജാക്കറ്റുമായി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി 7ഓടെയാണ് മൃതുദേഹം കരയ്‌ക്കെത്തിച്ചത്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. രാഹുൽ എജൻസിയിലാണ് രാഹുൽ ജോലി ചെയ്യുന്നത്. സഹോദരി രേഷ്‌മ മാർ ഇവാനിയോസ് കോളേജിലെ ബിരുദ വിദ്യാർത്ഥിനിയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയ്‌ക്ക് സംസ്‌കരിക്കും.