തിരുവനന്തപുരം: കാൻസറിന്റെ വ്യാപ്‌തിയും ഹൃദയാഘാത സാദ്ധ്യതയും ഒറ്റ സ്‌കാനിംഗിലൂടെ അറിയാൻ സാധിക്കുന്ന അത്യാധുനിക സംവിധാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരുങ്ങുന്നു. മെഡിക്കൽ കോളേജിലെ ന്യൂക്ലിയാർ മെഡിസിൻ വിഭാഗത്തിലാണ് ന്യൂക്ലിയാർ ചികിത്സയ്ക്കുള്ള സ്‌പെക്ട് സ്‌കാനർ അഥവാ ഗാമ ക്യാമറ സ്ഥാപിക്കുന്നത്. എട്ടുകോടിയാണ് ചെലവ് വരുന്നതെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഒറ്റ സ്‌കാനിംഗിലൂടെ തന്നെ തല മുതൽ പാദം വരെ ത്രീ ഡി ഇമേജിലൂടെ രോഗ നിർണയം നടത്തി ചികിത്സിക്കാം. എക്‌സ്‌റേ, സി.ടി. സ്‌കാൻ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു തവണ മാത്രം മരുന്നു നൽകി വളരെ കുറഞ്ഞ റേഡിയേഷനിൽ ശരീരം മുഴുവനായി സ്‌കാൻ ചെയ്യാമെന്നതാണ് മറ്റൊരു പ്രത്യേകത. സ്‌കാനറിനായി ബഡ്ജറ്റിൽ തുക വകയിരുത്തിയതോടെ തുടർ നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. തൈറോയ്ഡ് കാൻസർ, ലിംഫോമ, ലുക്കീമിയ, പോളിസൈത്തീമിയ, ന്യൂറോ എൻഡോക്രൈൻ ട്യൂമർ, അസ്ഥിയിലെ കാൻസർ തുടങ്ങി പതിനഞ്ചോളം കാൻസറുകൾക്കാണ് ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ചികിത്സ നടത്തുന്നത്.
ന്യൂക്ലിയർ മെഡിസിൻ ചികിത്സ
ആണവ വികിരണങ്ങൾ പുറപ്പെടുവിക്കുന്ന മൂലകങ്ങൾ മരുന്ന് രൂപത്തിൽ ഉപയോഗിച്ച് നടത്തുന്ന ചികിത്സ
മരുന്നുകൾ വളരെ ചെറിയ അളവിൽ (ഒരു ഗ്രാമിന്റെ ആയിരം ദശലക്ഷത്തിൽ ഒന്ന് മാത്രം) ഉപയോഗിക്കാം
ശരീരത്തിലെ കോശങ്ങളുടെ പ്രവർത്തനം സൂക്ഷ്‌മതലത്തിൽ അറിയാം
രോഗാവസ്ഥ മനസിലാക്കി രോഗബാധിതമായ കോശങ്ങളെ മാത്രം ലക്ഷ്യമാക്കി ചികിത്സ നൽകുന്ന രീതി
ആരോഗ്യമുള്ള കോശങ്ങളെ റേഡിയേഷന്റെ പാർശ്വഫലങ്ങളിൽ നിന്നും ഒഴിവാക്കാനും സാധിക്കും
സ്‌പെക്ട് സ്‌കാൻ
ന്യൂക്ലിയാർ മെഡിസിനിൽ രോഗനിർണയത്തിനും ചികിത്സയ്ക്കും അത്യാവശ്യമായ ഉപകരണമാണ് സ്‌പെക്ട് സ്‌കാനർ. ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ പ്രത്യേകമായും സ്‌കാൻ ചെയ്യാൻ സ്‌പെക്ട് സ്‌കാനറിലൂടെ സാധിക്കുന്നു. തൈറോയിഡ് സ്‌കാൻ, പാരാ തൈറോയിഡ് സ്‌കാൻ, ന്യൂക്ലിയർ കാർഡിയാക് സ്‌കാൻ, കിഡ്‌നി സ്‌കാൻ, ബോൺ സ്‌കാൻ, ഹൈപ്പറ്റോലിറ്ററി ആന്റ് ഗാസ്‌ട്രോ ഇന്റേണൽ സ്‌കാൻ എന്നിവയാണ് സ്‌പെക്ട് സ്‌കാനറിലൂടെ ചെയ്യാൻ കഴിയുന്ന പ്രധാന സ്‌കാനിംഗുകൾ