ന്യൂഡൽഹി: ബി.ജെ.പിയുടെ പ്രതീക്ഷകളെ തകർത്തുകൊണ്ട് ഡൽഹിയിൽ ആം ആദ്മി മുന്നേറ്റം. നില മെച്ചപ്പെടുത്തിയെങ്കിലും ഭരണം പിടിക്കാൻ ബി.ജെ.പിക്കായില്ല. ഒരു സീറ്റു പോലും നേടാനാവാതെ നാണം കെട്ട തോൽവിയുമായി കോൺഗ്രസ് തകർന്നടിഞ്ഞു. പുറത്ത് വരുന്ന സൂചനകളനുസരിച്ച് 70 ൽ 62 സീറ്റുകളിൽ ആം ആദ്മി ലീഡ് ചെയ്യുകയാണ്. 8 സീറ്റുകളിലാണ് ബി.ജെ.പിക്ക് ലീഡ്.
ഡൽഹിയെ ഞെട്ടിക്കുമെന്ന് ബി.ജെ.പി നേതാക്കൾ അവകാശപ്പെട്ടെങ്കിലും എ.എ.പിയെ തളയ്ക്കാനാവില്ല എന്ന് തെളിയിക്കുന്നതായി തിരഞ്ഞെടുപ്പ് ഫലം മാറി. കേവല ഭൂരിപക്ഷത്തിന് 36 സീറ്റുമതി. മൂന്നാംതവണയും ഭരണത്തിലേറാൻ എ.എ.പി മിന്നും താരമാവുകയാണ്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ ആംആദ്മിയുടെ മുന്നേറ്റമായിരുന്നു. പോസ്റ്റൽ വോട്ട് എണ്ണിതുടങ്ങിയപ്പോൾ ആദ്യ ലീഡ് ബി.ജെ.പിക്കായിരുന്നെങ്കിലും പിന്നങ്ങോട്ട് എ.എ.പിയുടെ മുന്നേറ്റമായിരുന്നു. പിന്നീട് ഒരിക്കൽ പോലും ബി.ജെ.പിക്ക് എ.എ.പിയെ മറികടക്കാനായില്ല.
വ്യക്തമായ ഭൂരിപക്ഷത്താേടെ എ.എ.പി കുതിച്ചപ്പോൾ അത് ഇന്ത്യയുടെ തലസ്ഥാനം വിട്ടുകൊടുക്കില്ല എന്ന അതിശക്തമായ മറുപടിയായി മാറുകയായിരുന്നു. വോട്ടെണ്ണൽ തുടങ്ങി പത്ത് മിനിട്ട് പിന്നിട്ടപ്പോൾ എ.എ.പിയുടെ ലീഡ് 13 ആയപ്പോൾ ബി.ജെ.പി 12സീറ്റിൽ ലീഡ് ചെയ്തു. അവിടന്ന് എ.എ.പി യുടെ വ്യക്തമായ മുന്നേറ്റമായിരുന്നു. എട്ടരയായതോടെ എ.എ.പിയുടെ മുന്നേറ്റം 44 സീറ്റിലായപ്പോൾ ബി.ജെ.പി 12 ൽ തന്നെയായിരുന്നു. എ.എ.പിയുടെ ലീഡ് 53 മണ്ഡലങ്ങളിലായപ്പോൾ ബി.ജെ.പി 16 മണ്ഡലങ്ങളിൽ മുന്നിലായി. അപ്പോൾ കോൺഗ്രസ് ഒരു സീറ്റിൽ മുന്നിൽ കയറി. തൊട്ടടുത്ത നിമിഷം എ.എ.പിയുടെ ലീഡ് ഒന്ന് കുറഞ്ഞപ്പോൾ ബി.ജെ.പി ഒന്നുകൂട്ടി 17 ലെത്തി. അപ്പോഴും ഒരു സീറ്റിന്റെ മാത്രം ആശ്വാസവുമായി നിന്ന കോൺഗ്രസിന് പക്ഷേ, അത് അധികനേരം നിലനിറുത്താനായില്ല.
2013 ലെ തിരഞ്ഞെടുപ്പിൽ എ.എ.പിക്ക് 28, ബി.ജെ.പിക്ക് 31, കോൺഗ്രസിന് 8, സ്വതന്ത്രർ 3 എന്നിങ്ങനെയായിരുന്നു കക്ഷിനില. 2015 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എ.എ.പി 67സീറ്റ് നേടിയപ്പോൾ ബി.ജെ.പി വെറും മൂന്ന് സീറ്റിൽ ഒതുങ്ങി. കോൺഗ്രസിന് ഒറ്റ സീറ്റും കിട്ടിയില്ല. കോൺഗ്രസ് തകർന്ന് തരിപ്പണമായപ്പോൾ ബി.ജെ.പി തികഞ്ഞ പോരാട്ടം നടത്തിയതിന്റെ തെളിവാണ് നില മെച്ചപ്പെടുത്തിയതിന്റെ ലക്ഷണം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും മൂന്ന് സീറ്റിൽ ഒതുങ്ങുകയും പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പിൽ എ.എ.പിയുടെ ഒരുസീറ്റുകൂടി പിടിച്ചെടുത്ത് നാല് സീറ്റിൽ നിന്നിരുന്ന ബി.ജെ.പിക്ക് പ്രതീക്ഷിച്ച വിജയം കിട്ടിയില്ലെങ്കിലും കഴിഞ്ഞ നാണംകെട്ട തോൽവിയിൽ നിന്ന് ഉയരാനായി.