കല്ലമ്പലം: ഒറ്റൂർ പഞ്ചായത്ത് ഓഫീസ് ജംഗ്ഷന് സമീപം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കുള്ള റോഡിൽ വഴിതടസപ്പെട്ടും റോഡിലേക്ക് ചരിഞ്ഞും നിൽക്കുന്ന 11കെ.വി ലൈൻ കടന്നുപോകുന്ന വൈദ്യുതി പോസ്റ്റ് നാട്ടുകാരെ ഭീതിയിലാക്കുന്നു. റോഡ് നവീകരണത്തിന്റെ ഭാഗമായി വീതികൂട്ടിയപ്പോൾ പോസ്റ്റ് മാറ്റി സ്ഥാപിക്കാത്തതിനാലാണ് ഇത് റോഡിൽ സ്ഥാനം പിടിച്ചത്. ഇടറോഡുകളിൽ നിന്നും പ്രധാന പാതയിലേക്ക് വരുന്ന വാഹനങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പാണ്. ഒരാഴ്ചയ്ക്ക് മുൻപ് ബൈക്കിൽ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന വിളബ്ഭാഗം സ്വദേശികളായ വിശ്വൻ, കാർത്തിക ദമ്പതികൾ പോസ്റ്റിലിടിച്ച് വീണിരുന്നു. റോഡുപണി നടക്കുമ്പോൾ പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു പ്രദേശവാസികൾ ബന്ധപ്പെട്ടവരെ സമീപിച്ചെങ്കിലും നടപടിയുണ്ടാകാത്തത് പ്രശ്നം സങ്കീർണമാക്കിയിരിക്കുകയാണ്. പ്രദേശത്ത് റോഡ് നവീകരണം പൂർത്തിയായെങ്കിലും ഓട മൂടാനുള്ള സ്ലാബുകൾ അങ്ങിങ്ങ് ഉപേക്ഷിച്ച നിലയിൽ കിടക്കുന്നത് യാത്രയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും പരാതിയുണ്ട്. കൂടാതെ ഒറ്റൂർ കൈത്തറി നെയ്ത്ത് ശാലയ്ക്ക് സമീപം റോഡിന് കുറുകെ അപകടകരമായി വളർന്നു നിൽക്കുന്ന മരം മുറിച്ചുമാറ്റണമെന്ന ആവശ്യവും ബന്ധപ്പെട്ടവർ പരിഗണിച്ചില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കക്കോട്ട് കുന്നിലേക്കുള്ള ബൈറോഡ് തുടങ്ങുന്ന ഭാഗത്ത് റോഡ് വികസിപ്പിക്കാൻ സ്ഥലം ഏറ്റെടുത്തെങ്കിലും പണി നടത്താതെ ഉപേക്ഷിച്ചതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. റോഡിന് വീതികൂട്ടുന്നതിനായി മൂന്നു സെന്റിലെ സ്വകാര്യ വ്യക്തിയുടെ വീടിന്റെ പകുതിയോളം പൊളിച്ചുമാറ്റുകയും തൊട്ടടുത്തുള്ള പുറമ്പോക്ക് സ്ഥലം വെറുതെയിടുകയും ചെയ്തത് പി.ഡബ്ളി.യുഡിയുടെ അശാസ്ത്രീയവും അലസവുമായ നടപടിയാണെന്ന് നാട്ടുകാർ ആരോപിച്ചു.