വേനൽക്കാലത്ത് ഉണ്ടാകുന്ന അസുഖങ്ങളിൽ ചുടുകുരു, ചർമ്മത്തിലുണ്ടാകുന്ന ചുവപ്പ് എന്നിവയിൽ തുടങ്ങി സൂര്യാഘാതം, മഞ്ഞപ്പിത്തം എന്നിങ്ങനെ തീവ്രത കൂടിയവയുടെ നീണ്ട നിര തന്നെയുണ്ട്.
കൂടുതൽ നേരം വെയിൽ കൊള്ളുമ്പോൾ തൊലിപ്പുറം ചുവക്കുക, ചൊറിച്ചിൽ, വരൾച്ച എന്നീ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. തൊലി കൂടുതൽ പൊള്ളുമ്പോൾ കുമിളകൾ വരുകയും തൊലി അടർന്നുമാറുകയും ചെയ്യാം. പനി, ഛർദ്ദിൽ എന്നീ ലക്ഷണങ്ങളും കാണാറുണ്ട്. കൂടുതൽ വിയർക്കുന്നതുകൊണ്ട് ചൂടുകുരുവും വരാം.
. കഴിയുന്നതും കാഠിന്യമുള്ള വെയിൽ കൊള്ളാതെ സൂക്ഷിക്കുക, സൺ സ്ക്രീൻ ലോഷൻ, പൗഡറുകൾ എന്നിവ ഉപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക, കുട ഉപയോഗിക്കുക, ദിവസവും രണ്ടുതവണ കുളിക്കുക, അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക എന്നീ പ്രതിരോധമാർഗങ്ങൾ ഉപയോഗിക്കാം.
സൂര്യാഘാതം
ഏറെനേരം തീവ്രതയേറിയ വെയിൽ കൊള്ളുമ്പോൾ ശരീരത്തിൽ പൊള്ളലുകൾ, ഛർദ്ദിൽ, ക്ഷീണം, ബോധക്ഷയം, നെഞ്ചിടിപ്പ് കൂടുക എന്നീ ലക്ഷണങ്ങൾ ഉണ്ടായാൽ അത് സൂര്യാഘാതം മൂലമാകാം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുക., പകൽ പതിനൊന്നു മുതൽ നാല് മണി വരെയുള്ള സമയങ്ങളിൽ വെയിൽ കൊള്ളാതിരിക്കുക, കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക, ധാരാളം വെള്ളം, ജ്യൂസ്, പഴങ്ങൾ എന്നിവ കഴിച്ച് നിർജലീകരണം തടയണം.
ചിക്കൻ പോക്സ്, മീസിൽസ്
പനി, ശരീരത്തിൽ കുമിളകൾ, തലവേദന, ശരീരവേദന എന്നിവയാണ് ലക്ഷണങ്ങൾ. ചിക്കൻപോക്സ്, എം.എം.ആർ വാക്സിനുകൾ എടുക്കാം. അസുഖം പിടിപെട്ടാൽ വൈദ്യസഹായം തേടുക, പഴങ്ങൾ, വെള്ളം എന്നിവ ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തുക, ദേഹശുദ്ധിയിൽ ശ്രദ്ധിക്കുക.
വയറിളക്കം, മഞ്ഞപ്പിത്തം
വൃത്തിഹീനമായ ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും വയറിളക്കം, കോളറ, ടൈഫോയ്‌ഡ്, ഹെപ്പറ്റൈറ്റിസ് എന്നീ രോഗങ്ങൾ വരാം.ശുദ്ധജലം ഉപയോഗിക്കുക, പാകം ചെയ്ത ഭക്ഷണം അധിക സമയം കഴിയും മുൻപ് ഭക്ഷിക്കുക, ഹോട്ടൽ ഭക്ഷണം ഒഴിവാക്കുക. വയറിളക്കം പിടിപെട്ടാൽ ധാരാളം വെള്ളം കുടിക്കുക, ഉപ്പിട്ട് കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, ഒ.ആർ.എസ് എന്നിവ ഉപയോഗിച്ച് നിർജലീകരണം തടയുക.
കണ്ണുദീനങ്ങൾ
രോഗിയുടെ സ്രവങ്ങൾ കൈയിൽ പറ്റുകയും പിന്നീട് കൈയിൽ നിന്ന് കണ്ണുകളിൽ എത്തുകയും ചെയ്യുമ്പോഴാണ് ചെങ്കണ്ണ് പകരുന്നത്. അതുകൊണ്ടുതന്നെ ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകുന്നതുവഴി ചെങ്കണ്ണിനെ പ്രതിരോധിക്കാം.
ഡോ. ധന്യ വി. ഉണ്ണിക്കൃഷ്ണൻ
കൺസൽട്ടന്റ് ഫിസിഷ്യൻ,
എസ്.യു.ടി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം.
ഫോൺ:0471 407 7777.