ഭരണത്തുടർച്ച ഏതു രാഷ്ട്രീയ പാർട്ടിക്കും വലിയ ഒരു വെല്ലുവിളി തന്നെയാണ്. എന്നാൽ ഡൽഹി നിയമസഭയിൽ ആം ആദ്മി പാർട്ടി നേടിയ അത്യുജ്ജ്വല വിജയം രാജ്യത്തെ മുഖ്യധാരാ പാർട്ടികൾക്ക് പല സന്ദേശങ്ങളും നൽകുന്നുണ്ട്. ജനങ്ങളെ ഒപ്പം നിറുത്താൻ അധികാരത്തിലിരിക്കുന്നവർ ചെയ്യേണ്ട ചില പ്രാഥമിക കർത്തവ്യങ്ങളുണ്ട്. തിരഞ്ഞെടുപ്പിനു മുമ്പ് ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുക എന്നതാണ് അവയിൽ പ്രധാനം. എ.എ.പി സർക്കാർ ഡൽഹി നിവാസികൾക്കു നൽകിയ ഉറപ്പുകൾ പാലിക്കാൻ കഴിഞ്ഞതാണ് തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ വലിയ വിജയത്തിനു പ്രധാന കാരണം. 2015ലെ തിരഞ്ഞെടുപ്പിൽ എഴുപതിൽ 67 സീറ്റിലും വിജയക്കൊടി പാറിച്ച് അധികാരത്തിലേറിയ എ.എ.പിക്ക് ഇക്കുറിയും അന്നത്തെ അഭൂതപൂർവ നേട്ടത്തിന് അടുത്തെത്താൻ കഴിഞ്ഞു. മാസങ്ങൾക്കു മുൻപ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴു സീറ്റും ബി.ജെ.പിക്കായിരുന്നു. കരുത്തരായ ബി.ജെ.പിയോട് ശക്തമായി ഏറ്റുമുട്ടിയാണ് ഇനിയും ബാലാരിഷ്ടതകൾ വിട്ടുമാറാത്ത എ.എ.പി വീണ്ടും ഡൽഹി ഭരണം പിടിച്ചതെന്നത് ചെറിയ കാര്യമല്ല.
ഫലപ്രവചനക്കാർ കണക്കുകൂട്ടിയതുപോലെ ഡൽഹിയുടെ എല്ലാ മേഖലകളിലും സീറ്റ് നിലനിറുത്താൻ എ.എ.പിക്കു കഴിഞ്ഞു. മുഖ്യമന്ത്രി കേജ്രിവാളിനും മന്ത്രിസഭയിലെ ഒട്ടുമിക്കവർക്കും വിജയം നിലനിറുത്താനായി. ദേശീയ രാഷ്ട്രീയത്തിൽ എളിയ സ്ഥാനമേയുള്ളൂവെങ്കിലും എ.എ.പി, മുന്നോട്ടുവച്ച ആശയങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്. ജനങ്ങൾ തിരഞ്ഞെടുക്കുന്ന ഒരു ഭരണകൂടം എങ്ങനെയുള്ളതായിരിക്കണമെന്നും ജനങ്ങളോടുള്ള അതിന്റെ പ്രതിബദ്ധത എന്തായിരിക്കണമെന്നുമുള്ളതിന്റെ മികച്ച ഉദാഹരണമാണ് കേജ്രിവാളിന്റെ സർക്കാർ. 2015ൽ എ.എ.പി അധികാരത്തിലെത്തിയതുതന്നെ അതുവരെ മറ്റാരും ജനങ്ങൾക്കു നൽകാത്ത പുതുമയേറിയ ചില വാഗ്ദാനങ്ങൾ അവതരിപ്പിച്ചുകൊണ്ടായിരുന്നു. പതിനഞ്ചുവർഷത്തെ തുടർച്ചയായ കോൺഗ്രസ് ഭരണം സൃഷ്ടിച്ച ക്ളേശപൂർണമായ സാഹചര്യങ്ങളിൽ നിന്നുള്ള മോചനം ആഗ്രഹിച്ചിരുന്ന ഡൽഹി ജനത സ്വാഭാവികമായും ഈ പാർട്ടിയിലും അതിന്റെ നേതാക്കളിലും പുതിയ രാഷ്ട്രീയോദയം ദർശിക്കുകയായിരുന്നു. പ്രഗല്ഭയായ ഷീലാ ദീക്ഷിത്ത് മുഖ്യമന്ത്രി സ്ഥാനത്തിരുന്നിട്ടും ഡൽഹി ഭരണം അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുകയായിരുന്നു. അഴിമതിയുടെ ഈ നിലയില്ലാക്കയത്തിൽ നിന്ന് ഡൽഹി ഭരണത്തെ കരകയറ്റുക എന്ന അത്യധികം ശ്രമകരമായ ദൗത്യമാണ് കേജ്രിവാൾ ഏറ്റെടുത്തത്. കുറഞ്ഞ കാലം കൊണ്ടു തന്നെ ഇതുൾപ്പെടെ പല ഭരണ നടപടികളും നടപ്പാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. സാധാരണക്കാരന് സർക്കാർ സേവനങ്ങൾ അനായാസം ലഭ്യമാക്കാൻ നടപടി എടുത്തതോടെ സർക്കാരും ജനങ്ങളും തമ്മിലുള്ള ബന്ധം ശക്തമാകാൻ തുടങ്ങി. ഈ തിരഞ്ഞെടുപ്പിലും എ.എ.പി വൻ വിജയം കൊയ്തത് ഈ ജനകീയാടിത്തറയിൽ ചവിട്ടി നിന്നാണ്.
ഡൽഹി നിവാസികൾക്ക് കോൺഗ്രസ് ഭരണകാലത്ത് കുടിവെള്ളം കിട്ടാക്കനിയായി മാറിയിരുന്നു. കേജ്രിവാളിന്റെ ആദ്യ ഭരണപരിഷ്കാര നടപടി ജല മാഫിയയെ തളയ്ക്കാൻ വേണ്ടിയുള്ളതായിരുന്നു. ജലത്തിന്റെ ദൗർലഭ്യമല്ല, വിതരണത്തിലെ മാഫിയാ കൈകടത്തലുകളാണ് രാജ്യ തലസ്ഥാനത്ത് സാധാരണക്കാരുടെ കുടിവെള്ളം മുട്ടിച്ചത്. നഗരവാസികൾക്കു മുഴുവൻ ആവശ്യത്തിന് വെള്ളം എത്തിക്കുക മാത്രമല്ല നിശ്ചിത അളവിൽ സൗജന്യമായും കുടിനീർ നൽകാൻ നടപടി ഉണ്ടായി. വിപുലമായ ചികിത്സാ സൗകര്യങ്ങൾ, സൗജന്യ വൈദ്യുതി, വനിതകൾക്ക് സൗജന്യ ബസ് യാത്ര, സ്കൂൾ വിദ്യാർത്ഥികൾക്ക് പഠന - യാത്രാ സൗകര്യങ്ങൾ തുടങ്ങി സാധാരണക്കാർക്കായി പല നല്ല കാര്യങ്ങളും 'ആപ്പ് " സർക്കാരിന്റെ ജനാഭിമുഖ്യ പരിപാടികളിൽ പെടുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും മൂന്നു സീറ്റുമായി നാണം കെടേണ്ടിവന്ന ബി.ജെ.പിക്ക് ഇത്തവണ നില നേരിയ തോതിൽ മെച്ചപ്പെടുത്താനേ കഴിഞ്ഞുള്ളൂ. എട്ട് സീറ്റിൽ വിജയം നേടാൻ പാർട്ടിക്കു സാധിച്ചു. ആദ്യഘട്ടത്തിൽ ഇരുപതോളം സീറ്റിൽ മുന്നേറ്റം കുറിച്ച ബി.ജെ.പിക്ക് പിന്നീട് ആ നേട്ടം നിലനിറുത്താനായില്ല. മൊത്തം വോട്ടുനില മുൻ തിരഞ്ഞെടുപ്പിനെക്കാൾ അല്പം മെച്ചപ്പെടുത്താനായി. 67 സീറ്റിൽ സ്വന്തം സ്ഥാനാർത്ഥികളെ മത്സരിപ്പിച്ച കോൺഗ്രസിന്റെ ദയനീയ പരാജയമാണ് ഈ തിരഞ്ഞെടുപ്പിലെ എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. കഴിഞ്ഞ തവണയും കോൺഗ്രസിന്റെ വിധി ഇതുതന്നെയായിരുന്നു. ഡൽഹിയുടെ ചുമതല ഉണ്ടായിരുന്ന എ.ഐ.സി.സി സെക്രട്ടറി പി.സി. ചാക്കോ വോട്ടെണ്ണലിന് നാലുനാൾ മുന്നേ പാർട്ടിയുടെ വൻ പരാജയം പ്രവചിച്ച് സ്ഥലം വിട്ടിരുന്നു. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ വേറെയും നേതാക്കൾ മുന്നോട്ടുവരുമോ എന്നറിയില്ല.
പൗരത്വ ഭേദഗതി നിയമം സൃഷ്ടിച്ച പ്രക്ഷോഭം ഡൽഹിയിൽ തുടരവെയാണ് ഡൽഹി നിയമസഭയിലേക്കു തിരഞ്ഞെടുപ്പ് നടന്നത്. എ.എ.പിയുടെ തകർപ്പൻ വിജയത്തെ പൗരത്വ നിയമം എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്ന് ഇനി വരുന്ന വിശകലനങ്ങളിലൂടെയേ അറിയാനാകൂ. ഡൽഹിയിൽ ഒരു തിരിച്ചുവരവിന് ഇനിയും ദീർഘനാൾ ബി.ജെ.പിക്കു കാത്തിരിക്കേണ്ടി വരുമെന്നാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. ജനങ്ങളെ നേരിൽ ബാധിക്കാത്ത പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി മാസ്മരിക അന്തരീക്ഷം സൃഷ്ടിച്ച് അധികാരത്തിലേറുന്ന പതിവു രാഷ്ട്രീയ ലൈനിൽ നിന്നുള്ള ഒരു മാറ്റമാണ് ഡൽഹിയിൽ എ.എ.പി തുടർച്ചയായി രണ്ടു നിയമസഭാ തിരഞ്ഞെടുപ്പിലും കാഴ്ചവച്ചത്. തങ്ങളോടു ചേർന്നു നിൽക്കുന്ന, തങ്ങളുടെ കൊച്ചു കൊച്ചു ആവശ്യങ്ങൾ കണ്ടറിഞ്ഞു നൽകാൻ മനസുള്ള ഒരു സർക്കാരിനെ വീണ്ടും വീണ്ടും അധികാരത്തിലേറ്റാൻ ജനങ്ങൾ സ്വയം മുന്നോട്ടുവരും. ഡൽഹി നൽകുന്ന തിരഞ്ഞെടുപ്പ് പാഠം അതാണ്.