census

തിരുവനന്തപുരം: സെൻസസ് നടപടികളിൽ അപാകതയും അപകടവുമൊന്നുമില്ലെന്നും ഇത് സംബന്ധിച്ച അനാവശ്യ ഭീതി പടർത്താൻ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറ‌ഞ്ഞു. സെൻസസും എൻ.പി.ആറും രണ്ടാണ്. വീടുകളുടെ വിവരസമാഹരണമാണ് സെൻസസിന്റെ ഒന്നാം ഘട്ടത്തിൽ നടക്കുക. വ്യക്തിഗത വിവര ശേഖരണം രണ്ടാമതും. സെൻസസിൽ കൂടിയല്ല ജനസംഖ്യാ രജിസ്റ്ററിനുള്ള പ്രവർത്തനം നടക്കുന്നത്. മറ്റൊരു ഘട്ടത്തിൽ നിർദ്ദേശിച്ചിട്ടുള്ള ജനസംഖ്യാ രജിസ്റ്റർ നടപടികൾ കേരളത്തിൽ നടത്തില്ല. ഇക്കാര്യം നേരത്തെ കേന്ദ്രത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ജനസംഖ്യാ രജിസ്റ്ററിന്റെ കാര്യത്തിൽ രാജ്യത്ത് പൊതുവേ ആശങ്കയുണ്ട്. കേരളത്തിൽ ഈ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെങ്കിലും രാജ്യത്തെ പൊതുസ്ഥിതി അങ്ങനെയല്ല.
2012 ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യത്ത് അനധികൃതമായി പ്രവേശിപ്പിച്ചവരെ പാർപ്പിക്കാൻ തടങ്കൽ പാളയങ്ങൾ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് കത്തയച്ചിരുന്നു. ഇത് സംബന്ധിച്ച ഫയൽ സാമൂഹ്യ നീതി വകുപ്പിന് 2015 ഡിസംബറിൽ കൈമാറിയിട്ടുണ്ട്. ഈ ഫയലിൽ അവസാനമായി ഒപ്പിട്ടത് അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ്. 2019 ലും തടങ്കൽ പാളയങ്ങൾ സംബന്ധിച്ച് സർക്കുലർ സർക്കാരിന് ലഭിച്ചെങ്കിലും അതിൽ സർക്കാർ നടപടികളൊന്നും എടുത്തിട്ടില്ലെന്ന് എ.പി. അനിൽകുമാർ, സണ്ണി ജോസഫ്, പി.ടി. തോമസ്, മുഹമ്മദ് മുഹ്സിൻ എന്നിവരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
സെൻസസും എൻ.പി.ആറും ഒന്നിച്ച് നടത്തുമെന്നത് സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സംശയങ്ങളെല്ലാം ദൂരീകരിക്കുന്നതുവരെ സെൻസസ് നടപടികൾ നിറുത്തിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ തൊഴിലാളികളിൽ വിദേശികളില്ലെന്ന് അനൂപ് ജേക്കബിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകി.

 മോറട്ടോറിയം മാർച്ച് 31 വരെ നീട്ടി

പ്രളയത്തെ തുടർന്ന് കാർഷിക കടങ്ങൾക്ക് 2019 ഡിസംബർ 31 വരെയുണ്ടായിരുന്ന മോറട്ടോറിയം 2020 മാർച്ച് 31 വരെ നീട്ടിയതായി മുഖ്യമന്ത്രി കെ.സി.ജോസഫിനെ അറിയിച്ചു. കാർഷിക വായ്പയുടെ പലിശനിരക്ക്, വായ്പയുടെ സ്വഭാവം, കാലാവധി എന്നിവയ്ക്കനുസരിച്ചാണ് അത് നിജപ്പെടുത്തിയിരിക്കുന്നത്. കിസാൻ ക്രഡിറ്റ് കാർഡ് വായ്പകൾക്ക് നിലവിൽ രണ്ടു ശതമാനം പലിശ ഇളവും വായ്പാ തുക പലിശ സഹിതം കൃത്യമായി തിരിച്ചടയ്ക്കുന്ന കർഷകർക്ക് മൂന്നുശതമാനം പലിശയിളവും നൽകുന്നു. ഇതിൻപ്രകാരം നാലുശതമാനം മാത്രമാണ് ഹ്രസ്വകാല വായ്പയായി നൽകേണ്ടത്. കേരള കർഷക കടാശ്വാസ കമ്മിഷൻ മുഖാന്തരം അൻപതിനായിരം രൂപയ്ക്ക് മുകളിലുള്ള കുടിശികയ്ക്ക് നൽകുന്ന ആനുകൂല്യം ഒരുലക്ഷം രൂപയിൽ നിന്നു രണ്ടുലക്ഷമായി വർദ്ധിപ്പിച്ചിട്ടുണ്ട്. മോറട്ടോറിയം കാലഘട്ടത്തിലെ കാർഷിക കടങ്ങളിലെ പലിശയ്‌ക്കോ അധിക പലിശയ്‌ക്കോ ഇളവുനൽകുന്ന കാര്യം ഇപ്പോൾ സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.