തിരുവനന്തപുരം: ഇപോസ് മെഷീനുകൾ ഏർപ്പെടുത്തിയ ശേഷം 2019 ഡിസംബർ വരെ പ്രതിമാസം ശരാശരി 4,955 മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ അധികമായി റേഷൻകടകളിൽ കെട്ടിക്കിടക്കുന്നുണ്ടെന്ന് മന്ത്രി പി. തിലോത്തമൻ സഭയെ അറിയിച്ചു. കേന്ദ്രസർക്കാരിൽ നിന്ന് ലഭ്യമാകുന്ന വിലയുടെ അടിസ്ഥാനത്തിൽ 1.4 കോടിയുടെയും സംസ്ഥാനത്തിന്റെ വിലയനുസരിച്ച് 76 ലക്ഷത്തിന്റെയും കമ്പോള വിലയുടെ അടിസ്ഥാനത്തിൽ 18.95 കോടി രൂപയുടെയും മൂല്യമാണിതിനെന്നും എം. രാജഗോപാലിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് തുടർച്ചയായി മൂന്നുമാസം റേഷൻ വാങ്ങാത്ത 39,068 കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റി. ആറുമാസത്തേക്ക് റേഷൻ വേണ്ടെന്നുവയ്ക്കുന്നതിന് റേഷൻ ഗിവ് അപ് പദ്ധതി നിലവിലുണ്ട്. 917 പേർ ഈ പദ്ധതി പ്രകാരം റേഷൻ ഉപേക്ഷിച്ചിട്ടുണ്ടെന്നും സി.കെ. ആശ, മുല്ലക്കര രത്നാകരൻ, ചിറ്റയം ഗോപകുമാർ, ജി.എസ്. ജയലാൽ എന്നിവരോട് മറുപടി പറഞ്ഞു.
അർഹരായവരെ വിട്ടുപോയിട്ടുണ്ടെങ്കിൽ അവരെ ആരാഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ജങ്ക്ഫുഡിനെതിരെയുള്ള ബോധവത്കരണവും ആരോഗ്യ-വ്യായാമശീലങ്ങളുടെ വ്യാപനവും ലക്ഷ്യമിട്ടുള്ള കുട്ടി ഡോക്ടർ പദ്ധതി എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും. നിലവിൽ ആറ് ജില്ലകളിലാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.