eco-sounder-survey

തിരുവനന്തപുരം: സംസ്ഥാനത്ത് ആകെയുള്ള 1664 വില്ലേജുകളിൽ 906 വില്ലേജുകളിൽ റീസർവേ പൂർത്തിയായതായി റവന്യൂവകുപ്പ് അറിയിച്ചു. കണ്ണൂർ,​ കാസർകോട്,​ കോഴിക്കോട്,​ പാലക്കാട് ജില്ലകളിലാണ് റീസർവേ പൂർത്തിയാകാനുള്ളതെന്നും ലാൻഡ് റവന്യൂ കമ്മിഷണർ സി.എ.ലത വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനത്ത ഡിജിറ്റൽ സർവേ ആരംഭിക്കാനുള്ള നടപടികൾ തുടങ്ങി. പൈലറ്റ് പ്രോജക്ട് എന്ന നിലയ്ക്ക് തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂരിലും കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലുമാണ് ഡിജിറ്റൽ സർവേ നടത്തുക. ഇതിനായി 14.6 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആറ് മുതൽ എട്ട് മാസം വരെ സമയം എടുത്തായിരിക്കും ഡിജിറ്റൽ സർവേ പൂർത്തിയാക്കുക. നിലവിൽ ആധാരം മാത്രമാണ് സർവേയ്ക്ക് അടിസ്ഥാനമാക്കുന്നത്. സർവേ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ഭൂപടം കൂടി ഉൾപ്പെടുത്തിയാകും ഡിജിറ്റൽ സർവേ നടത്തുക. സർവേ ഡയറക്ടർ വി.ആർ.പ്രേംകുമാർ,​ അഡിഷണൽ ഡയറക്ടർ ഇ.ആർ.ശോഭന,​ ഡെപ്യൂട്ടി കളക്ടർ അനു എസ്. നായർ,​ രജിസ്ട്രേഷൻ ഐ.ജി. സാജൻ കുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.