ചിറയിൻകീഴ് ബ്ളോക്ക് പഞ്ചായത്ത് മാത്രമായി 25000 തെങ്ങിൻതൈ ഈ വർഷം വച്ചുപിടിപ്പിക്കുമെന്ന വാർത്ത വളരെ ആവേശം നൽകുന്നു. തെങ്ങുകൃഷി ക്ഷയിക്കുന്നു എന്നുള്ള വിമർശനങ്ങൾ വരുന്ന സമയത്ത് ഇത്രയും ധീരമായ ഒരു കാൽവയ്പിന് മുൻകൈയെടുത്ത ചിറയിൻകീഴ് ബ്ളോക്ക് പഞ്ചായത്തും പ്രസിഡന്റ് ആർ. സുഭാഷും സഹപ്രവർത്തകരും പ്രത്യേക അഭിനന്ദനമർഹിക്കുന്നു. കേരളത്തിലെ 150ൽപ്പരം ബ്ളോക്ക് പഞ്ചായത്തുകളിൽ, അല്പമൊന്നു ശ്രമിച്ചാൽ അനായാസം ഈ 'സുഭാഷ് മാർഗം' 50 എണ്ണത്തിലെങ്കിലും നടപ്പിലാക്കാൻ കഴിയും.
കൃഷിവകുപ്പിന്റെ നാളികേര വികസന വിഭാഗവും നാളികേര ബോർഡിന്റെ പുതുക്കൃഷി വികസന വിഭാഗവും കർഷകർക്ക് എല്ലാ സഹായവും നൽകിയാൽ ഈ വർഷം തന്നെ നമുക്ക് 12 ലക്ഷത്തോളം തെങ്ങിൻതൈ നട്ടുപിടിപ്പിക്കാം. വിദ്യാർത്ഥികളെയും കർഷക സംഘടനകളെയും വനിതാ സംഘടനകളെയും റസിഡന്റ്സ് അസോസിയേഷനുകളെയും പങ്കാളികളാക്കാം.
വികസന പ്രക്രിയയിൽ ഇത്ര മഹത്തായ മാതൃകകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഭംഗിയായി നടപ്പാക്കുന്നത് പ്ളാനിംഗ് ബോർഡും ഭരണാധികാരികളും മാദ്ധ്യമങ്ങളും ശ്രദ്ധിച്ചാൽ വികസനത്തിന്റെ വേഗത നമുക്ക് പൂർവാധികം വർദ്ധിപ്പിക്കാൻ കഴിയും.
ആർ. ഹേലി ,
മുൻ കൃഷി ഡയറക്ടർ.