തിരുവനന്തപുരം:പ്രളയ പുനർനിർമ്മാണത്തിന് ലോകബാങ്ക് അനുവദിച്ച 1,750 കോടി രൂപ വകുപ്പുകൾക്കായി വകയിരുത്തിയെങ്കിലും തുക കൈമാറിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. വിശദമായ പഠനറിപ്പോർട്ട് സമർപ്പിക്കുന്ന മുറയ്‌ക്ക് തുക കൈമാറിയാൽ മതി. പ്രളയ പുനർനിർമ്മാണം ഒരു വർഷത്തിനകം പൂർത്തിയാവില്ല. മൂന്നു വർഷമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ടു വർഷമായിട്ടും പ്രളയ പുനർനിർമ്മാണത്തെ പറ്റി ചർച്ച മാത്രമേ നടക്കുന്നുള്ളൂവെന്നും പുനർനിർമ്മാണം പാളിയെന്നും ആരോപിച്ച് പ്രതിപക്ഷവും ബി.ജെ.പിയും വാക്കൗട്ട് നടത്തി.
ലോകബാങ്ക് സഹായത്തിന്റെ രണ്ടാംഘട്ടം ലഭ്യമാക്കാനുള്ള നടപടികൾ പൂർത്തിയായെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2018ലെ മഹാപ്രളയത്തിന്റെ പുനർനിർമ്മാണത്തിന് പണമുണ്ടെങ്കിലും 2019ലെ പ്രളയ പുനർനിർമ്മാണത്തിന് പണമില്ല. ഇതിന് കേന്ദ്രസഹായം വേണം. 2019ൽ പൂർണമായി വീട് നഷ്ടപ്പെട്ടവരുടെ അന്തിമപട്ടിക ഒരു മാസത്തിനകം തയ്യാറാവും. ക്യാമ്പുകളിൽ താമസിച്ച ഒന്നര ലക്ഷം പേർക്കും ബന്ധുവീടുകളിൽ താമസിച്ച ഒന്നര ലക്ഷം പേർക്കും ബാങ്ക് അക്കൗണ്ടുകളിലൂടെ ധനസഹായം നൽകി. വീട് ഭാഗികമായി തകർന്ന 42,612 കുടുംബങ്ങൾക്കും ധനസഹായം നൽകി. പുനർനിർമ്മാണം പൂർത്തിയാക്കാൻ ദേശീയ, രാജ്യാന്തര ധനകാര്യ ഏജൻസികളുടെ വായ്പകളും സാമ്പത്തിക, സാങ്കേതിക സഹായവും ആവശ്യമാണ്. മഹാപ്രളയത്തിനു ശേഷം ദുരിതാശ്വാസ നിധിയിലേക്ക് 4,765.27 കോടി രൂപ ലഭിച്ചു. ഇതിൽ 2,630.68 കോടി ചെലവിട്ടു- മുഖ്യമന്ത്രി പറഞ്ഞു.
പ്രളയത്തിൽ എല്ലാം നഷ്ടമായവരുടെ പട്ടിക തയാറാക്കാൻ പോലും 15 മാസമായിട്ടും സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ പി.കെ. ബഷീർ ആരോപിച്ചു. അന്താരാഷ്ട്ര തലത്തിൽ കരിമ്പട്ടികയിൽ പെടുത്തിയ കെ.പി.എം.ജിക്ക് ആറു കോടി രൂപ നൽകി പട്ടിക തയാറാക്കാൻ ഏൽപിച്ചിരിക്കുകയാണെന്നു വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. എം.കെ. മുനീർ, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, ഒ, രാജഗോപാൽ എന്നിവരും പ്രസംഗിച്ചു.
ലോകബാങ്ക് സഹായം:
വകുപ്പുകളുടെ വിഹിതം (കോടിയിൽ)
പൊതുമരാമത്ത് വകുപ്പ്: 31റോഡുകൾക്ക് 300 കോടി
തദ്ദേശ വകുപ്പ്: 603.74 കി.മീ റോഡിന് 488 കോടി
ഗതാഗതവകുപ്പ്: 30
വനംവകുപ്പ്:130.40
മത്സ്യബന്ധനവകുപ്പ്: 3.2
മൃഗസംരക്ഷണം: 23.01
ആറ് ഖരമാലിന്യ സംസ്‌കരണ പദ്ധതികൾക്ക് 53.5
ജലവിഭവ വകുപ്പ്: 350
ജൈവവൈവിദ്ധ്യ ബോർഡിന് 5
കുടുംബശ്രീക്ക് 9 പദ്ധതികൾക്ക് 250,
കൃഷിക്ക് 182.76
വില്ലേജ് ഓഫീസുകളുടെ പുനർനിർമ്മാണത്തിന് 35
ഐ.ടി വകുപ്പിന്റെ മാപ്പത്തോൺ പദ്ധതിക്ക് 4.24