തിരുവനന്തപുരം: നടപടികളിൽ വ്യക്തത വരുന്നതുവരെ സെൻസസ് നിറുത്തിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം മുഖ്യമന്ത്രി അവഗണിയ്ക്കുകയാണെന്നും സർക്കാർ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പൗരത്വ നിയമഭേദഗതിക്കെതിരെ വനിതാ ലീഗ് നടത്തിയ രാജ്ഭവൻ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ മുതലെടുപ്പാണ് ലക്ഷ്യം. കോൺഗ്രസും യു.ഡി.എഫും ഉള്ളിടത്തോളം ആർ.എസ്.എസ് അജൻഡ നടപ്പാകില്ലെന്നും ചെന്നിത്തല പറഞ്ഞു. മോദിക്കും അമിത്ഷായ്ക്കും വേണ്ടി ഡിറ്റൻഷൻ സെന്റർ നിർമിച്ചാൽ ഈ രാജ്യം രക്ഷപ്പെടുമെന്നും ദേശീയ ജനസംഖ്യാ രജിസ്റ്റർ പൗരത്വ രജിസ്റ്ററിന് വേണ്ടി മാത്രമുള്ളതാണെന്ന പ്രതിപക്ഷ അഭിപ്രായത്തെ വിവരക്കേട് എന്നുപറയുന്ന മുഖ്യമന്ത്രിക്ക് നാളെ ഈ വിവരക്കേട് അംഗീകരിക്കേണ്ടി വരുമെന്നും പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ പറഞ്ഞു. പൗരത്വ നിയമം പിൻവലിക്കുന്നതുവരെ സമരവുമായി മുന്നോട്ടു പോകുമെന്നും സമരത്തോടൊപ്പം നിൽക്കുന്നുവെന്ന് പറയുകയും സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ കേസെടുക്കുകയും ചെയ്യുന്ന നിലപാട് സർക്കാർ പരിശോധിക്കണമെന്നും ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് പറഞ്ഞു. എം.എൽ.എമാരായ ഷാനിമോൾ ഉസ്‌മാൻ, വി. ടി. ബൽറാം, സുഹ്റ മമ്പാട്, പി.കുൽസു, മുസ്ളിംലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ്, പി.എം.എ.സലാം, തോന്നയ്ക്കൽ ജമാൽ തുടങ്ങിയവർ സംസാരിച്ചു.