തിരുവനന്തപുരം: മേജർ വെള്ളായണി ദേവീ ക്ഷേത്രത്തിൽ മൂന്നു വർഷത്തിലൊരിക്കൽ നടക്കുന്ന കാളിയൂട്ട് മഹോത്സവം 14 ന് ആരംഭിക്കും. ഉത്സവത്തിന് മുന്നോടിയായി ഇന്നുവൈകിട്ട് 4 ന് നേമം വില്ലേജോഫീസിൽ നിന്നു തിരുവാഭരണ ഘോഷയാത്ര പുറപ്പെടും.70 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം ഏപ്രിൽ 23 ന് നിലത്തിൽപ്പോര്, ആറാട്ട് എന്നിവയോടെ സമാപിക്കും. ഏപ്രിൽ 22 ന് രാത്രി 11.30 ന് മേൽ പറണേറ്റ് നടക്കും. ക്ഷേത്ര പ്രവേശന വിളംബരത്തിന് മുമ്പേ ജാതി-മത ഭേദമെന്യേ എല്ലാവർക്കും പ്രവേശനമുണ്ടായിരുന്ന ക്ഷേത്രമാണ് വെള്ളായണി. പള്ളിച്ചൽ മുതൽ പാപ്പനംകോടുവരെയും കല്ലിയൂർ മുതൽ കോലിയക്കോട് വരെയും ഉത്സവ മേഖലയാണ്.14 ന് രാവിലെ 7.15 ന് തങ്കത്തിരുമുടി വെളിയിൽ എഴുന്നള്ളിക്കും. വൈകിട്ട് 6 ന് ആദ്യ കളങ്കാവൽ, 15 ന് രാവിലെ 6 ന് കളങ്കാവൽ, 16 ന് രാത്രി ഉച്ചബലിക്ക് ശേഷം പള്ളിച്ചൽ ദിക്കുബലിക്ക് എഴുന്നള്ളിപ്പ്. 24 ന് വൈകിട്ട് 6 ന് കളങ്കാവൽ. 25 ന് രാത്രി ഉച്ചബലിക്കുശേഷം കല്ലിയൂർ ദിക്കുബലിക്ക് എഴുന്നള്ളിപ്പ്. മാർച്ച് 5 ന് വൈകിട്ട് 6 ന് കളങ്കാവൽ, 6 ന് രാത്രി ഉച്ചബലിക്ക് ശേഷം പാപ്പനംകോട് ദിക്കുബലിക്ക് എഴുന്നള്ളിപ്പ്.16 ന് വൈകിട്ട് 6 ന് കളങ്കാവൽ, 17 ന് രാത്രി ഉച്ചബലിക്കുശേഷം കോലിയക്കോട് ദിക്കുബലിക്ക് എഴുന്നള്ളിപ്പ്, 22 ന് രാത്രി 7 നാണ് കച്ചേരിനട എഴുന്നള്ളിപ്പ്, 25 ന് വൈകിട്ട് 6 ന് കളങ്കാവൽ, 26 ന് രാവിലെ അശ്വതി പൊങ്കാല.30 ന് രാത്രി ഉച്ചബലിക്കുശേഷം പൊന്നുമംഗലത്ത് എഴുന്നള്ളിപ്പ്.ഏപ്രിൽ 4ന് വൈകിട്ട് 6ന് കളങ്കാവൽ.8 ന് രാവിലെ കിഴക്കേക്കരയിൽ എഴുന്നള്ളിപ്പ്, 9 ന് വൈകിട്ട് പടിഞ്ഞാറേക്കരയിൽ എഴുന്നള്ളിപ്പ്, 10 ന് ഉച്ചബലിക്കുശേഷം വടക്കേക്കരയിൽ എഴുന്നള്ളിപ്പ്. 14 ന് പറണേറ്റ് ഉത്സവത്തിന് കൊടിയേറ്റുമെന്ന് നെയ്യാറ്റിൻകര അസി.ദേവസ്വം കമ്മിഷണർ കെ.ഉഷകുമാരി, സബ് ഗ്രൂപ്പ് ഓഫീസർ ബി.വിനോദ്, ക്ഷേത്ര ഉപദേശി സമിതി പ്രസിഡന്റ് ബി. മഹേശ്വരൻ നായർ, സെക്രട്ടറി കെ.ബി.സീന എന്നിവർ അറിയിച്ചു.