പതിനഞ്ച് മാസം മുമ്പ് തുടങ്ങിയ റീബിൽഡ് കേരളയിൽ ഇതുവരെയായി ഒന്നും നടന്നിട്ടില്ലെന്ന് പി.കെ. ബഷീർ പറയുന്നു. ഏതോ 'ആപ്പി'ന്റെ കളിയാണെന്ന് ബഷീറിനറിയാം. ഡൽഹിയിൽ ആം ആദ്മി പാർട്ടി അധികാരം വീണ്ടും പിടിച്ചെടുത്ത ദിവസം ബഷീർ ആപ്പിനെപ്പറ്റി പറഞ്ഞത് കേട്ട് ആരും തെറ്റിദ്ധരിക്കേണ്ട. ഇന്റർനെറ്റ് യുഗത്തിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷനെയാണ് കവി ഉദ്ദേശിക്കുന്നത്. പശു ഒട്ട് തിന്നൂമില്ല, പുല്ല് തീറ്റിക്കൂമില്ല എന്ന മട്ടിലത്രെ പുതിയ ആപ്പിന്റെയും മുഖ്യമന്ത്രിയുടെയും 'അപഥസഞ്ചാരം'! അങ്ങ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മഹാനായ വക്താവല്ലേ, കമ്പ്യൂട്ടറിനെയൊക്കെ എതിർത്തയാളല്ലേ, എന്നിട്ടീ ആധുനികകാലത്ത് ഇങ്ങനെയൊക്കെ കാണിക്കുന്നത് ശരിയാണോ എന്നെല്ലാം ബഷീർ ചൂടനാവുകയുണ്ടായി. ബഷീർ പറഞ്ഞത് പലതും പിടികിട്ടിയില്ലെന്ന് മുഖ്യമന്ത്രി നിസ്സഹായനായി.
'അംഗം ശാന്തനായി പറഞ്ഞാലാണ് കാര്യങ്ങൾ മനസിലാകുക. ക്ഷോഭിക്കുമ്പോഴും വികാരം വരുമ്പോഴുമുള്ള പ്രശ്നമാണ്. ഇപ്പുറത്ത് ഒന്നുമത്ര ക്ലിയർ ആകുന്നില്ല. ഇനിയങ്ങോട്ട് ശ്രദ്ധിച്ചാൽ മതി'- മുഖ്യമന്ത്രി ഉപദേശിച്ച് നിറുത്തിയപ്പോൾ ബഷീറിന്റെ മാനസികാവസ്ഥ ഏതാണ്ട് ചുള്ളിക്കാട് പാടിയ മട്ടിലായിക്കാണുമോയെന്നറിയില്ല. 'അറിഞ്ഞതിൽ പാതി പറയാതെ പോയി, പറഞ്ഞതിൽ പാതി പതിരായി പോയി, പകുതി ഹൃത്തിനാൽ വെറുത്തുകൊള്ളവേ, നിങ്ങൾ പകുതി ഹൃത്തിനാൽ പൊറുത്തുകൊള്ളുക...'
റീബിൽഡ് കേരളയിലൊന്നും നടക്കുന്നില്ലെന്നാരോപിച്ച് ബഷീറിന്റെ നേതൃത്വത്തിൽ കൊണ്ടുവന്ന അടിയന്തരപ്രമേയത്തിൽ കാര്യമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. എല്ലാം ഭംഗിയായി നടക്കുന്നുണ്ടെന്നദ്ദേഹം വിവരിച്ചു. വാചകമടിക്ക് ഓസ്കർ കൊടുക്കേണ്ട സർക്കാരാണിതെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ അഭിപ്രായം. സംഗതി വാക്കൗട്ടിലവസാനിച്ചു.
മുങ്ങിത്താഴുന്ന യു.ഡി.എഫ് കപ്പലിനെ കെ. സുരേഷ് കുറുപ്പ് കാണുന്നു. അതിൽ നിന്ന് ജോസ് കെ.മാണി വിഭാഗവും ജോസഫ് വിഭാഗവും ലീഗ് അണികളും ചാടിപ്പോകുന്നതാണ് കുറുപ്പിന്റെ സ്വപ്നം. ഈ സ്വപ്നം പങ്കുവച്ചപ്പോൾ പ്രതിപക്ഷത്ത് നിന്നാരും അതിനോട് കൊരുത്ത് തർക്കിക്കാൻ മെനക്കെടാതിരുന്നതിന്റെ പൊരുളെന്താണോ, എന്തോ! നടക്കാത്ത സ്വപ്നമെന്ന തോന്നലോ അതോ ഇനി നടന്നാലോ എന്ന ആധിയോ!
കിഫ്ബിക്കെതിരെ ഒരു ലോഡ് പുച്ഛം പറയുന്ന പ്രതിപക്ഷം രഹസ്യമായി അതിന്റെ ആരാധകരാണെന്ന വിവരം പുറത്തുവിട്ടത് ഇ.ടി. ടൈസൺ ആണ്. മിസ്കീൻ എന്നാൽ അറബിയിൽ പരാശ്രയമില്ലാതെ ജീവിക്കാൻ വകയില്ലാത്തവൻ. ഐസകിന്റെ ബഡ്ജറ്റിനെ മഞ്ഞളാംകുഴി അലി അതിനാൽ മിസ്കീനെന്ന് വിശേഷിപ്പിച്ചു. സ്കൂൾ മാനേജർമാരല്ല, മോദിയും അമിത്ഷായും വന്ന് വിരട്ടിയാലും വിരളുകയില്ലെന്ന് പി.കെ.ശശി വെല്ലുവിളിച്ചു. ഐസകിന്റെ ബഡ്ജറ്റിലെ കവിതകൾ കേട്ട പി.ടി.തോമസ് മാവോസെദോംഗിനെ കൂട്ടുപിടിച്ച് ഉപദേശിച്ചു: ടു റീഡ് ടൂ മെനി ബുക്സ് ഈസ് ഹാംഫുൾ! മന്ത്രി സുധാകരന്റെയും എൽദോസ് കുന്നപ്പിള്ളിയുടെയും നാല് വരി കവിത കൂടി ബഡ്ജറ്റിൽ ചേർക്കാമായിരുന്നെന്ന് പി. ഉബൈദുള്ളയ്ക്ക് അഭിപ്രായമുണ്ട്. തീവണ്ടിയെഞ്ചിൻ 1825ൽ കണ്ടുപിടിച്ചപ്പോൾ ഓടില്ലെന്ന് അപവാദം പ്രചരിപ്പിച്ചവരുടെ പിന്മുറക്കാരായി കിഫ്ബി ഓടില്ലെന്ന് പറയുന്ന പ്രതിപക്ഷത്തെ കെ.വി. വിജയദാസ് സംശയിച്ചു. പറഞ്ഞ്, പറഞ്ഞിപ്പോൾ സഖാവ് കിഫ്ബിയെന്ന് വരെ വിളിക്കുന്ന അവസ്ഥയായെന്ന് സി. മമ്മൂട്ടിക്ക് തോന്നി.