ആറ്റിങ്ങൽ: വേനൽ തുടങ്ങുന്നതിന് മുമ്പേ വാമനപുരം നദിയിലെ ജല നിലരപ്പ് കുറയുന്നു. പദ്ധതികൾ ആശങ്കയിലാകുമെന്ന് വന്നതോടെ പൂവൻപാറയിലെ തടയണയുടെ ഉയരം കൂട്ടണമെന്നും വാമനപുരത്ത് പുതിയ തടയണ നിർമ്മിക്കണമെന്ന നിർദ്ദേശം ഉയർന്നെങ്കിലും ഇതുവരെ യാഥാർത്ഥ്യമായില്ല. നദിയിലേക്ക് കായലിൽ നിന്ന് ഉപ്പുവെള്ളം കയറുന്നത് തടയാനാണ് പ്രധാനമായും പൂവമ്പാറയിൽ തടയണ നിർമ്മിച്ചത്. എന്നാൽ തടയണയുടെ ഉയരം കുറഞ്ഞതോടെ ആവശ്യത്തിന് വെള്ളം സംഭരിച്ച് നിറുത്താൻ കഴിയാത്ത സ്ഥിതിയുണ്ടായി. താത്കാലികമായി ഉയരം കൂട്ടാനുള്ള സംവിധാനങ്ങൾ ഒരുക്കിയാണ് തടയണ നിർമ്മിച്ചത്. എന്നാൽ തടയണയുടെ സമീപത്തെ സംരക്ഷണ ഭിത്തിയിൽ വിള്ളലുള്ളണ്ടായതാണ് ഇപ്പോഴത്തെ ആശങ്ക. കഴിഞ്ഞവർഷം ജനുവരി ആദ്യവാരം തന്നെ പൂവമ്പാറയിലെ തടയണയുടെ ഉയരം കൂട്ടുകയും വാമനപുരത്ത് തടയണ നിർമ്മാണം നടത്തുകയും ചെയ്‌തിരുന്നു. ഇതോടെയാണ് കുടിവെള്ള വിതരണം തടസമില്ലാതെ മുന്നോട്ടുപോയത്. അടുത്തുതന്നെ കുടിവെള്ള വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നാണ് അധികൃതർ പറയുന്നത്.
ജില്ലയിലെ കുടിവെള്ള വിതരണം തടസപ്പെടും
---------------------------------------------------------------------
ചിറയിൻകീഴ്, വർക്കല താലൂക്കുകളിൽ പൂർണമായൂം വിതരണം ചെയ്യുന്നത് വാമനപുരം നദിയിൽ നിന്നുളള വെള്ളമാണ്. നെടുമങ്ങാട് താലൂക്കിലെ പകുതിയോളം പദ്ധതികളും വാമനപുരം നദിയെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്.
കഴക്കൂട്ടം- മേനംകുളം പദ്ധതിയിലേയ്ക്കുള്ള വെള്ളം വാമനപുരം നദിയിൽ അയിലം കടവിൽ നിന്നാണ് പമ്പു ചെയ്യുന്നത്. നിരവധി കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്ന വാമനപുരം നദിയിലെ ജലം സംരക്ഷിക്കാനുള്ള പദ്ധതികൾ നടപ്പാക്കത്തതിൽ പ്രതിഷേധം ശക്തമാണ്
ആറ്റിങ്ങൽ ഡിവിഷനിൽ 7 പദ്ധതികൾ
പ്രതിദിനം പമ്പ് ചെയ്യുന്നത് - 6 കോടി ലിറ്റർ വെള്ളം
നീരൊഴുക്ക് കുറയാൻ കാരണം
--------------------------------------------------------
1. പദ്ധതി പ്രദേശങ്ങളിലെ വന നശീകരണം
2. നദിയിലെ അടിത്തട്ട് കുഴിച്ചുള്ള മണൽവാരൽ
3. നീർത്തടങ്ങളുടെ അനിയന്ത്രിതമായ നികത്തൽ
4. നദീതീരത്തെ വ്യാപക കൈയേറ്റം
5. സംരക്ഷണപദ്ധതികളുടെ അഭാവം
പ്രതികരണം
------------------------------
പൂവൻപാറയിലെ തടയണയുടെ ഉയരം കൂട്ടുന്നതിനും വാമനപുരത്ത് തടയണ നിർമ്മിക്കുന്നതിനുമുള്ള നടപടികൾ തുടങ്ങി. കണക്കെടുപ്പുകൾ പൂർത്തിയായ പദ്ധതിക്കുള്ള ഉത്തരവ് ലഭിച്ചിട്ടുണ്ട്. ഉടൻ കരാർ നൽകി നിർമ്മാണം തുടങ്ങും.
സതീഷ് ശർമ്മ, എ.എക്‌സ്.ഇ, വാട്ടർ അതോറിട്ടി