ആറ്റിങ്ങൽ: ആറ്റിങ്ങൽ മാർക്കറ്റ് റോഡിലെ നഗരസഭ മാർക്കറ്റിൽ രാത്രി പ്രവർത്തിക്കുന്ന മത്സ്യ ചന്തയുടെ പ്രവർത്തനം അവതാളത്തിൽ. മത്സ്യം വില്ക്കാനെത്തുന്നവർക്കോ വാങ്ങാൻ എത്തുന്നവർക്കോ യാതൊരു വിധത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും നഗരസഭ ഒരുക്കാത്തതാണ് പ്രശ്നമാകുന്നത്. രാത്രി സമയങ്ങളിൽ സമീപത്തുള്ള കടകളിലെ വെളിച്ചം മാത്രമാണ് ചന്തയുടെ പ്രവർത്തനങ്ങൾക്ക് ഏക ആശ്രയമാകുന്നത്. വെളിച്ചമില്ലാത്തതുകാരണം മത്സ്യം വാങ്ങാൻ എത്തുന്നവർക്ക് അതിന്റെ ഗുണനിലവാരം മനസിലാക്കി വാങ്ങാൻ ആകുന്നില്ലെന്ന് പരാതിയുണ്ട്.
പഴകിയ മത്സ്യങ്ങൾ പരിശോധിക്കാൻ നഗരസഭയുടെ ആരോഗ്യവിഭാഗം രാത്രി ചന്തയിലേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്നാണ് രണ്ടാമത്തെ പരാതി. ജോലികഴിഞ്ഞ് രാത്രികാലങ്ങളിൽ മത്സ്യം വാങ്ങാൻ എത്തുന്നവരിൽ ഭൂരിപക്ഷവും സ്ത്രീകളാണ്. ഇവർക്ക് യാതൊരു വിധ സുരക്ഷയും മാർക്കറ്റിൽ ഇല്ല. മദ്യപാനികളും മത്സ്യം വിൽക്കുന്നവരും തമ്മിൽ പലപ്പോഴും വാക്കേറ്റവും തെറിവിളിയും മറ്റ് ഉപഭോക്താക്കളെ വിഷമിപ്പിക്കുകയാണ്. പ്രശ്നം പരിഹരിക്കാൻ രാത്രിയിൽ ഒരു പൊലീസിനെ ഇവിടെ നിയോഗിക്കണമെന്ന നാട്ടുകാരുടെ ആവശ്യവും ഇതുവരെയും ഫലം കണ്ടില്ല. മാർക്കറ്റിലെ മാലിന്യം അവിടെത്തന്നെ നിക്ഷേപിക്കുന്നത് കാരണം ദുർഗന്ധവും തെരുവു നായ്ക്കളുടെ ശല്യവും രൂക്ഷമാണ്.
ആറ്റിങ്ങലിലെ രാത്രി ചന്തയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.