തായ്പേയ്: വയസ് അറുപത്തിമൂന്ന് പക്ഷേ,.ഇപ്പോഴും കണ്ടാൽ മധുരപ്പതിനേഴ്. തായ്‌വാൻ നടി ചെൻ മെയ്‌ഫെനാണ് ഇൗ നിത്യസുന്ദരി. നേരത്തേ നടിയുടെ സൗന്ദര്യത്തിന് ആരാധകരേറെയാണ്. അടുത്തിടെ തായ്‌വാൻ ടിവിയിൽ ലൂണാർ എന്റർടെയിൻമെന്റ് സെപ്ഷ്യൽ ഡാൻസ് ഷോയിൽ സൂപ്പർ ഗൗൺ അണിഞ്ഞെത്തിയതോടെയാണ് ചെൻ വീണ്ടും ചർച്ചയായത്.തൂവലുകളും സ്വീകൻസുകളുമുള്ള ഷീർ ഗൗണാണ് ചെൻ അണിഞ്ഞത്. അല്പം സുതാര്യമായ ഇൗ ഗൗൺ അണിഞ്ഞതോടെ ചെന്നിന്റെ ഗ്ളാമർ ഒന്നുകൂടി കൂടിയെന്നും പ്രായം വീണ്ടും കുറഞ്ഞു എന്നുമാണ് ആരാധകർ പറയുന്നത്.
40വർഷംമുമ്പ് തായ്‌വാൻ സുന്ദരിപ്പട്ടം ചൂടിയതോടെയാണ് ചെന്നിന്റെ ശുക്രനുദിച്ചത്. സിനിമയിൽ മുഖം കാണിച്ചതിൽ പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ആരാധകരുടെ എണ്ണം നാൾക്കുനാൾ കൂടിക്കൂടിവന്നു. ഫേസ്ബുക്കിൽ ഫോളേവേഴ്സിന്റെ എണ്ണം 50 ലക്ഷം കവിഞ്ഞു.പ്രായത്തെ വെല്ലുന്ന സൗന്ദര്യ രഹസ്യം ചോദിച്ച ആരാധകർക്കായി അടുത്തിടെ ചെൻ അത് പുറത്തുവിട്ടു. ഭക്ഷണമാണ് സൗന്ദര്യത്തിൽ ഏറ്റവും പ്രധാനം എന്നാണ് ചെൻ പറയുന്നത്.
എല്ലാ ദിവസവും രാവിലത്തെ ഭക്ഷണം ജിഞ്ചർ സൂപ്പാണ്. ചൂട് വെള്ളത്തിൽ ചില ഒൗഷധങ്ങളും ഇഞ്ചിയും കുരുമുളകും ചേർത്താണ് സൂപ്പ് തയ്യാറാക്കുന്നത്. ഒപ്പം നന്നായി തണുപ്പിച്ച പഴവും കഴിക്കും. ഐസ്‌ക്രീം കഴിക്കുന്നതു പോലെ തന്നെയാണ് ഈ പഴവും. എന്നാൽ ഐസ്ക്രീം കഴിക്കുമ്പോൾ ലഭിക്കുന്ന കാലറി കിട്ടില്ല. ഭക്ഷണത്തിന് ശേഷം നടക്കാൻ പോകും. യോഗയാണ് മറ്റൊന്ന്. വീട്ടിൽ തന്നെ വെയിറ്റ് ലിഫ്റ്റിംഗ് എക്‌സർസൈസുകൾ ചെയ്യും. ആഴ്ചയിൽ രണ്ട് തവണ പരിശീലകന്റെ സഹായത്തോടെയാണ് ഇത് ചെയ്യുന്നത്. അമ്പത്തിരണ്ട് കിലോയാണ് ഭാരം. എപ്പോഴും ഹൈഹീൽ ചെരുപ്പുകൾ ഉപയോഗിക്കുന്നതിനാൽ കാലുകൾക്ക് ആവശ്യമായ വ്യായമങ്ങളും ചെയ്യാറുണ്ട്. ഇതിനായി വീട്ടിൽ പ്രത്യേകം പ്ലാറ്റ്‌ഫോമും തയ്യാറാക്കിയിട്ടുണ്ട്.മറ്റുള്ള വ്യായാമങ്ങൾ ഒന്നുമില്ല. എപ്പോഴും സന്തോഷത്തോടെ ഇരിക്കുന്നതാണ് ഗ്ലാമറിനുപിന്നിലെ മറ്റൊരു രഹസ്യം. അഞ്ച് വർഷം മുമ്പാണ് ചെൻ വിവാഹമോചനം നേടിയത്.അതൊന്നും ചെന്നിന്റെ ജീവിതത്തിൽ അല്പം പോലും പ്രശ്നമുണ്ടാക്കിയിട്ടില്ല.
ജീൻസും ടീ ഷർട്ടുകളുമാണ് ചെനിന്റെ ഇഷ്ടവസ്ത്രം.തന്റെ ഫോളോവേഴ്‌സിനോട് ചെന്നിന്റെ ഉപദേശം കേട്ടോളൂ. ഇഷ്ടമുള്ള വസ്ത്രം ധരിക്കുക. ഫിറ്റ്‌നെസ്സ് നിലനിർത്തുക സന്തോഷത്തോടെ ജീവിക്കുക