pinarayi-vijayn-

തിരുവനന്തപുരം: ബി.ജെ.പിയുടെ വർഗ്ഗീയ ധ്രുവീകരണ ശ്രമങ്ങൾക്കും ജനവിരുദ്ധ നയങ്ങൾക്കും എതിരായ വിധിയെഴുത്താണ് ഡൽഹി തിരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തോൽവിയിൽ നിന്ന് കോൺഗ്രസും പാഠം പഠിക്കണം. രാജ്യത്തിന്റെ പൊതുവായ വികാരം പ്രതിഫലിപ്പിക്കുന്നതാണ് ഡൽഹി ഫലം. ബി.ജെ.പിക്ക് ബദലായി ഒരു ശക്തിയുണ്ടെങ്കിൽ ജനങ്ങൾ അത് നല്ല നിലയിൽ അംഗീകരിക്കും എന്നതിന് തെളിവാണിത്. മതനിരപേക്ഷ ജനാധിപത്യ വിശ്വാസികൾക്ക് ആവേശം നൽകുന്നതാണ് ഈ ഫലം. ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കുന്നതിന് ജനാധിപത്യ, മതനിരപേക്ഷ ശക്തികൾ നടത്തുന്ന പോരാട്ടത്തിന് ഈ ഫലം കരുത്തു പകരും. അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഡൽഹിയുടെ വികസനത്തിന് പ്രത്യേക ശ്രദ്ധയോടെയാണ് പ്രവർത്തിച്ചത്. അതിന് ലഭിച്ച അംഗീകാരമാണ് ഈ വിജയം. അത് മനസ്സിലാക്കി നിലപാട് സ്വീകരിക്കാൻ കോൺഗ്രസ് തയ്യാറായില്ല. യോജിച്ച് മത്സരിച്ചിരുന്നുവെങ്കിൽ ബി.ജെ.പിക്ക് ഇതിലും കനത്ത തിരിച്ചടി ലഭിക്കുമായിരുന്നു. ബി.ജെ.പിയുടെ തീവ്ര വർഗ്ഗീയ നിലപാടുകൾക്കും ജനവിരുദ്ധ നയങ്ങൾക്കുമെതിരെ തിളങ്ങുന്ന വിജയം നേടിയ കേജരിവാളിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു.