തിരുവനന്തപുരം:പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾക്ക് സംവരണം നൽകാൻ സംസ്ഥാനങ്ങൾക്ക് ബാദ്ധ്യതയില്ലെന്ന സുപ്രീംകോടതി വിധിയിലും സംവരണ അവകാശങ്ങൾ അട്ടിമറിക്കാനുള്ള ബി.ജെ.പി- സംഘപരിവാർ നടപടികളിലും പ്രതിഷേധിച്ച് എ.ഐ.സി.സിയുടെ ആഹ്വാനപ്രകാരം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെയും ഭാരതീയ ദളിത് കോൺഗ്രസിന്റെയും നേതൃത്വത്തിൽ 17ന് രാവിലെ 10ന് രാജ്ഭവനിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകൾ വാസ്നിക് ധർണ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി, ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.ഷാജു, കെ.പി.സി.സി ഭാരവാഹികൾ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, എം.പിമാർ, എം.എൽ.എമാർ തുടങ്ങി കോൺഗ്രസിന്റെ സമുന്നത നേതാക്കൾ പങ്കെടുക്കും.
രാഷ്ട്രീയകാര്യ സമിതി 18ന്
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി 18ന് ചൊവ്വാഴ്ച രാവിലെ 10ന് കെ.പി.സി.സി ഓഫീസിൽ ചേരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.