vld-1

വെള്ളറട: വെള്ളറട ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിനുവേണ്ടി ആറാട്ടുകുഴി നെട്ടത്താന്നിവിളയിൽ വാങ്ങിയ സ്ഥലത്ത് തീപിടിത്തം. കഴിഞ്ഞദിവസം ഉച്ചയോടെ ഉണ്ടായ തീപിടിത്തത്തിൽ സ്ഥലത്തെ പാഴ്‌വസ്തുക്കളെല്ലാം കത്തിനശിക്കുകയും സമീപത്തെ കളിയിക്കാവിള സ്വദേശിയുടെ റബർ പുരയിടത്തിലേക്ക് തീ പടരുകയും ചെയ്തു. തീപിടുത്തത്തിൽ റബർ - തേക്കുമരങ്ങൾക്ക് കേടുപറ്റുകയും ചെയ്തു. പാറശാല ഫയർഫോഴ്സും വെള്ളറട പൊലീസും നാട്ടുകാരും ചേർന്ന് തീ അണച്ചതിനാൽ മറ്റ് നാശനഷ്ടങ്ങൾ ഉണ്ടായില്ല. സ്റ്റേഡിയം നിർമ്മിക്കാത്തതുകാരണം കാടുപിടിച്ച് കിടക്കുകയായിരുന്നു ഇവിടം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സംഘവും സ്ഥലത്തെത്തി. പഞ്ചായത്തുവക വസ്തുവിൽ നിന്ന മുളകൾ മുറിച്ചു മാറ്റിയ ശേഷം മുള വേസ്റ്റുകൾ കത്തിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്ന് അധികൃതർ പറഞ്ഞു. പഞ്ചായത്തിന്റെ അനുമതിയില്ലാതെ മുളകൾ മുറിച്ചതും തീയിട്ടതും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് അധികൃതർ വെള്ളറട പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.