തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസ് സ്‌റ്റേഷനുകളിൽ മലിനജല ശുദ്ധീകരണ പ്ലാന്റുകൾ വരുന്നു. കോർപ്പറേഷനുകളിൽ ഉപയോഗിക്കുന്ന ജലം പുനഃരുപയോഗിക്കുന്ന തരത്തിലാണ് പ്ലാന്റുകൾ രൂപകല്‌പന ചെയ്യുന്നത്. ബസുകൾ കഴുകുകയും മറ്റും ചെയ്യുന്ന ജലം പ്ലാന്റിലേക്കെത്തിച്ചശേഷം ശുദ്ധീകരിക്കും.
3000 ലിറ്റർ മുതൽ 5000 ലിറ്റർ വരെ വെള്ളമാണ് ശരാശരി ഓരോ ഡിപ്പോയുടെയും പ്രതിദിന ജല ഉപയോഗം. ജല ഉപയോഗത്തിന്റെ 80 ശതമാനവും സ്വീവേജിനാണ്. ഇങ്ങനെ പാഴാക്കുന്ന ജലത്തെ പുനഃരുപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. ഒൻപത് ഘട്ടങ്ങളിലായാണ് ജലം ഫിൽട്ടർ ചെയ്‌തെടുക്കുന്നത്. പരിസ്ഥിതി സൗഹൃദമെന്നതിനൊപ്പം ഊർജ ഉപഭോഗം കുറയുമെന്ന മെച്ചവുമുണ്ട്.
ഓരോ പ്രദേശത്തെയും വെള്ളം പരിശോധിച്ചശേഷം അതിലടങ്ങിയ മാലിന്യങ്ങൾക്കനുസരിച്ചാണ് ശുദ്ധീകരണ പ്രക്രിയ നടത്തുന്നത്. അൾട്രാവയലറ്റ് ട്രീറ്റ്‌മെന്റിലൂടെ ഇത് കുടിവെള്ളമായി ഉപയോഗിക്കാനും കഴിയും. കൂടാതെ ഡിപ്പോകളിലെ ടോയ്‌ലെറ്റുകളിലും ഈ ജലം ഉപയോഗിക്കും.
മലിന ജലം ശുദ്ധീകരിച്ചതിനുശേഷം ലഭിക്കുന്ന സ്ലറി നല്ല വളമാണ്. ഇത് കാർഷിക ആവശ്യങ്ങൾക്ക് വിതരണം ചെയ്യാനും ആലോചനയുണ്ട്. വാഹനം കഴുമ്പോഴുള്ള വെള്ളത്തിൽ ഇന്ധനം കലർന്നിരിക്കും. അതിനാൽ ഈ മലിന ജലം ശുദ്ധീകരിക്കാൻ ഫ്ലോട്ടേഷൻ പ്രക്രിയയായിരിക്കും പ്രയോജനപ്പെടുത്തുക.
ഒരു പ്ലാന്റ് സ്ഥാപിക്കാൻ 25 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കുറച്ച് സ്ഥലം മാത്രമേ പ്ലാന്റ് നിർമ്മിക്കാൻ വേണ്ടി വരികയുള്ളൂ. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരമുള്ള കമ്പനികൾ ഇപ്രകാരമുള്ള പ്ലാന്റുകൾ നിർമിക്കാനുള്ള ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും.
പ്ലാന്റുകൾ വരുന്നത് ഇവിടെയൊക്കെ
തിരുവനന്തപുരം സെൻട്രൽ, പേരൂർക്കട, കാട്ടാക്കട, കരുനാഗപ്പള്ളി, മൂവാറ്റുപുഴ, പത്തനംതിട്ട, കൊട്ടാരക്കര, പാലാ, തൊടുപുഴ, തൊട്ടിൽപ്പാലം, കോഴിക്കോട്, മൂവാറ്റുപുഴ, ചാലക്കുടി, തൃശൂർ, കാസർകോഡ്, പയ്യന്നൂർ, മാള, മലപ്പുറം എന്നീ ഡിപ്പോകളിലും പാപ്പനംകോട് സെൻട്രൽ വർക്‌സ്, ആലുവ എന്നീ റീജിയണൽ വർക്ക്ഷോപ്പുകളിലുമാണ് പ്ലാന്റുകൾ സ്ഥാപിക്കുക. പദ്ധതി വിജയകരമെങ്കിൽ മറ്റു ഡിപ്പോകളിലും സ്ഥാപിക്കും.