ഭുവനേശ്വർ: കാമുകനായ ഗുണ്ടാത്തലവന്റെ തോക്കുപയോഗിച്ച് കളിക്കുന്നതിനിടെ വെടിയേറ്റ ഇരുപതുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാമുകനെ പൊലീസ് അറസ്റ്റുചെയ്തു. ഒറീസയിലെ ഭുവനേശ്വറിനുസമീപത്താണ് സംഭവം. ആഷിഷ് കുമാർ നായിക് എന്ന ഇരുപത്തേഴുകാരനാണ് അറസ്റ്റിലായത്. തുടയിൽ വെടിയേറ്റ പെൺകുട്ടി അപകടനില തരണംചെയ്തു.
ആഷിഷ് തന്നെയാണ് കാമുകിയെ ആശുപത്രിയിൽ എത്തിച്ചത്. ബൈക്കിലെത്തിയ രണ്ടുപേർ വെടിവച്ചശേഷം കടന്നുകളഞ്ഞു എന്നാണ് ഇയാൾ പൊലീസിനോടും ആശുപത്രി അധികൃതരോടും പറഞ്ഞത്. എന്നാൽ സംശയം തോന്നിയ പൊലീസ് കൂടുതൽ ചോദ്യംചെയ്തതോടെ അയാൾ എല്ലാകാര്യങ്ങളും പറഞ്ഞു. കോളേജ് വിട്ടശേഷം കാമുകനെ കാണാൻ പെൺകുട്ടി മുറിയിലെത്തി. സംസാരിച്ചിരിക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന തോക്കെടുത്ത് തമാശകാണിക്കുന്നതിനിടെ വെടിപൊട്ടുകയായിരുന്നു. ആഷിഷ് നിരവധി കേസുകളിലെ പ്രതിയാണ്. തോക്കിന് ലൈസൻസില്ല.