വർക്കല: ഇരു വൃക്കകളും തകരാറിലായ യുവാവിന് തുടർചികിത്സയ്ക്കായി വർക്കലക്കാരായ പ്രവാസി യുവാക്കളുടെ വാട്ട്സ്ആപ്പ് കൂട്ടായ്മയായ ടീം വർക്കല ധനസഹായം നൽകി. ഇടവ അംബദ്ക്കർ കോളനി മങ്ങാട്ട് ചരുവിളവീട്ടിൽ ബിനു (29) വിനാണ് ടീം വർക്കല സഹായം നൽകിയത്. കൂലിപ്പണിക്കാരനായ ബിനുവിന്റെ ഇരുവൃക്കകളും തകരാറിലായതിനെ തുടർന്ന് പണിക്ക് പോകാൻ കഴിയാതെ ജീവിതം വഴിമുട്ടി നിൽക്കുകയാണ്. വൃക്ക മാറ്റി വയ്ക്കാൻ ലക്ഷങ്ങളാണ് വേണ്ടത്. ഭാര്യയും രണ്ട് ചെറിയ കുട്ടുകളുമുളള ബിനുവിന്റെ കുടുംബം നിത്യവൃത്തിക്കു പോലും ബുദ്ധിമുട്ടുകയാണ്. ടീം വർക്കലയുടെ പ്രവർത്തകരായ അഡ്വ. നിയാസ് എ. സലാം, സെയ്ഫ്, ആരിഷ്, ഷെറിൻ, സജിൻ, നബീൽ തുടങ്ങിയവരാണ് ബിനുവിന്റെ വീട്ടിലെത്തി ആദ്യഗഡുവായി പതിനായിരം രൂപ നൽകിയത്.