നെയ്യാറ്റിൻകര: അരുവിപ്പുറത്തെ 132-ാമത് പ്രതിഷ്ഠാവാർഷികത്തിന് അരുവിപ്പുറം ശിവക്ഷേത്രത്തിന് മുന്നിൽ ഇന്ന് കൊടിയുയരും. രാവിലെ പൂജാദികർമ്മങ്ങൾ ആരംഭിക്കും. രാവിലെ 8 മണി മുതൽ വൈകിട്ട് 4 വരെ അഖണ്ഡശാന്തിഹോമം ഉണ്ടായിരിക്കും. വൈകിട്ട് 4ന് ബാലരാമപുരം പള്ളിവിളാകത്ത് വീട്ടിൽ നിന്ന് കൊണ്ടുവരുന്ന പതാക ക്ഷേത്രാങ്കണത്തിൽ സ്വീകരിക്കും. തുടർന്ന് 6.15 ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ കൊടിയേറ്റ് നിർവഹിക്കും. രാത്രി 7 ന് നടക്കുന്ന പ്രതിഷ്ഠാ വാർഷിക സമ്മേളനം കേന്ദ്ര മന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതം പറയും. സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷനായിരിക്കും. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ടി.പി.രാമകൃഷ്ണൻ, കെ.ടി ജലീൽ,അഡ്വ.കെ.രാജു, എ.പി.അനിൽകുമാർ എം.എൽ.എ, എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ഡോ.ബിജുപ്രഭാകർ, എൻ.പ്രശാന്ത്, ഡോ.ബബിത മെറീന ജെസ്റ്റിൻ, വണ്ടന്നൂർ സന്തോഷ്, സ്വാമി വിശാലാനന്ദ എന്നിവർ സംസാരിക്കും. ഒന്നാം ദിവസത്തെ പൂജയും അന്നദാനവും പുലിവാതുക്കൽ ശ്രീയോഗീശ്വരദേവ ക്ഷേത്രം ട്രസ്റ്റാണ് നടത്തുന്നത്.