തിരുവനന്തപുരം: നഗരത്തിലെ പ്രധാന പാതയായ കവടിയാറിൽ അപകടം തുടർക്കഥയാകുന്നു. തിങ്കളാഴ്ച രാത്രി 11ഓടെ ഒരു ബി.എം.ഡബ്ല്യു കാർ അപകടത്തിൽപ്പെട്ടതിനുപിന്നാലെ ഇന്നലെ രാവിലെ 11ഓടെ അതേ ‌ഡിവൈഡറിൽ മറ്റൊരു കാറും ഇടിച്ചുകയറി. അതീവ സുരക്ഷാമേഖലയായ രാജ്ഭവന് മുന്നിലുള്ള റോഡിലാണ് 12 മണിക്കൂറിനിടെ രണ്ട് അപകടങ്ങളും നടന്നത്. രാവിലത്തെ അപകടത്തിൽപ്പെട്ട സെലോറിയ കാറോടിച്ചയാളുടെ നട്ടെല്ലിന് ഗുരുതരപരിക്കുണ്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. കവടിയാർ - വെള്ളയമ്പലം റോഡിലെ ഡിവൈഡറിനോട് ചേർന്ന പോസ്റ്റിലാണ് രണ്ടുദിവസങ്ങളിലായി മണിക്കൂറുകളുടെ വ്യത്യാസത്തിൽ അപകടമുണ്ടായത്. കഴിഞ്ഞദിവസം രാത്രിയിൽ അമിത വേഗതയിലെത്തിയ അപകടമുണ്ടാക്കിയ ബി.എം.ഡബ്ല്യൂ കാറിന്റെ നമ്പർ പ്ളേറ്റ് ഇളക്കിമാറ്റിയ ശേഷം ഉടമ രക്ഷപ്പെട്ടിരുന്നു. മുൻചക്രം തകരാറിലായ കാർ ഒടുവിൽ പൊലീസുകാരാണ് മ്യൂസിയം സ്റ്റേഷനിലേക്ക് മാറ്റിയത്. ഇന്നലെ രാവിലെ വാഹന ഉടമയായ തിരുമല സ്വദേശി സുനിൽകുമാർ സ്റ്റേഷനിലെത്തി. നാണക്കേട് ഒഴിവാക്കാനാണ് നമ്പർ പ്ലേറ്റ് മാറ്റിയതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞു. ഇയാൾക്കെതിരെ കേസെടുത്തു. പുതുച്ചേരി രജിസ്ട്രേഷനിലുള്ള വാഹനത്തെക്കുറിച്ചുള്ള കൂടുതൽ പരിശോധന നടത്താൻ പൊലീസ് മോട്ടോർ വാഹന വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മത്സരയോട്ടവും അമിതവേഗവും കണ്ടെത്തുന്നതിനായി പൊലീസ് ഇവിടെ സ്ഥാപിച്ച കാമറകളൊന്നും മാസങ്ങളായി പ്രവർത്തിക്കുന്നില്ല. മാദ്ധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ റോഡിലെ നിരീക്ഷണ കാമറകൾ പ്രവർത്തന രഹിതമാണെന്ന് തെളിഞ്ഞിരുന്നു. എന്നാൽ കാമറകളൊന്നും ഇതുവരെ പ്രവർത്തന ക്ഷമമാക്കാൻ നടപടിയുണ്ടായില്ല. ഒരുമാസം മുമ്പ് അജ്ഞാത കാറിടിടിച്ച് എൻജിനീയറിംഗ് വിദ്യാർത്ഥിയുൾപ്പെടെ മൂന്ന് ബൈക്ക് യാത്രികർ മരിച്ച സംഭവത്തിലും കാമറയില്ലാത്തതിനാൽ ഇടിച്ച വാഹനത്തെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.