വെഞ്ഞാറമൂട്: സാധാരണ ജനങ്ങൾക്ക് തൊഴിൽ എന്ന ലക്ഷ്യവുമായി നടപ്പിലാക്കിയ തൊഴിലുറപ്പ് പദ്ധതിക്ക് ജോലിയുടെ കാര്യത്തിലോ കൂലിയുടെ കാര്യത്തില്ലോ യാതൊരു ഉറപ്പും ഇല്ല. ഒപ്പം സുരക്ഷയുടെ കാര്യത്തിലും ഇതേ അവസ്ഥയാണുള്ളത്. യാതൊരു സുരക്ഷാ ഉപകരണങ്ങളും ഇല്ലാതെ വെയിലിലും, മഴയിലും, ചെളിയിലും, തോട്ടിലും ഒക്കെ പണി എടുത്ത് പകർച്ച വ്യാധി പേടിയിൽ കഴിഞ്ഞിരിക്കുന്ന ഇവരെ ഇപ്പോൾ ഭയത്തിലാക്കുന്നത് കാട്ടുമൃഗങ്ങളുടെ ശല്യമാണ്. തൊഴിലുറപ്പ് ജോലിയിലേർപ്പെട്ട തൊഴിലുറപ്പുകാർക്ക് വിവിധയിടങ്ങളിലായി നിരവധി അപകടങ്ങളാണ് സംഭവിച്ചത്. അതിലേറെയും പന്നിയുടേയും കടന്നലിന്റേയുമൊക്കെ ആക്രമണമാണ് നേരിടേണ്ടി വന്നത്.

ഇതിനെല്ലാം പുറമെ ഇപ്പോൾ കേന്ദ്ര ബഡ്ജറ്റിൽ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം വെട്ടിക്കുറച്ചതും തൊഴിലാളികളെ ആശങ്കയിലാക്കുന്നു.കഴിഞ്ഞ സാമ്പത്തിക വർഷത്തെ കുടിശിക വരെ നിരവധി പേർക്ക് ഇനിയും കിട്ടിയിട്ടില്ല.കശുഅണ്ടി തൊഴിൽ മേഖലയുൾപ്പെടെ ക്ഷേമ പെൻഷനുകളും മറ്റു ആനുകൂല്യങ്ങളും ഏർപ്പെടുത്തുമ്പോൾ മഴയിലും ചെളിയിലും പണിയെടുക്കുന്ന ഇവരെ അവഗണിക്കുകയാണന്ന പരാതിയാണുള്ളത്. ഒരു കുടുംബത്തിന് നൂറ് തൊഴിൽ ദിനങ്ങൾ എന്നത് കേന്ദ്ര വിഹിതം വെട്ടിക്കുറച്ചതോടെ തൊഴിൽ കുറയുമോ എന്ന ഭയത്തിലാണ് തൊഴിലുറപ്പിനെ മാത്രം ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങൾ.