വർക്കല: വർക്കല - ശിവഗിരി മാതൃകാ റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനത്തിനുള്ള മാസ്റ്റർപ്ലാൻ അവഗണനയുടെ ട്രാക്കിലാണ്. സ്റ്റേഷന്റെ അപാകതകളും പോരായ്മകളും വിലയിരുത്തുന്നതിനു വേണ്ടി 2015ൽ ഡി.എം.ആർ.എം ഉൾപ്പെടെയുളള പത്തംഗ ഉദ്യാഗസ്ഥസംഘം സ്റ്റേഷൻ സന്ദർശിച്ചിരുന്നു. മാസ്റ്റർപ്ലാൻ അനുസരിച്ചുളള നിർമ്മാണങ്ങളും സാങ്കേതിക സംവിധാനങ്ങളും ഒരുക്കി വിപുലമായ വികസനമാണ് നടത്തുന്നതെന്ന് ഡിവിഷണൽ മാനേജർ ജനപ്രതിനിധികൾ അടക്കമുള്ളവർക്ക് ഉറപ്പ് നൽകിയാണ് മടങ്ങിയത്.
എന്നാൽ മാസ്റ്റർപ്ലാൻ തയ്യാറാക്കി അതനുസരിച്ച് പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ഉറപ്പും നൽകി റെയിൽവെ ഉദ്യോഗസ്ഥ സംഘം മടങ്ങിപോയിട്ട് അഞ്ച് വർഷം കഴിഞ്ഞിട്ടും മാസ്റ്റർപ്ലാനിലെ നിർണായകമായ തീരുമാനങ്ങൾ പ്രാവർത്തികമായില്ല. വർഷാവർഷം റെയിൽവേ ഉദ്യോഗസ്ഥസംഘം പരിശോധനയ്ക്കെത്തുന്ന അവസരത്തിൽ സ്റ്റേഷൻ കെട്ടിടം ചായംപൂശി മോടിപിടിപ്പിക്കുന്നതല്ലാതെ യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങളൊന്നും ഒരുക്കുന്നില്ല. നാലോളം ടിക്കറ്റ് കൗണ്ടറുകൾ ഉണ്ടെങ്കിലും മിക്കപ്പോഴും ഒരു കൗണ്ടറിന്റെ സേവനം മാത്രമാണ് യാത്രക്കാർക്ക് ലഭ്യമാകുന്നത്. വർക്കല മൈതാനം അടഞ്ഞുകിടക്കുന്ന റെയിൽവേ ഗേറ്റിനു സമീപത്ത് ഫുട്ട്ഓവർ ബ്രിഡ്ജ് നിർമ്മിക്കുമെന്ന റെയിൽവേ അധികൃതരുടെ ഉറപ്പും പാഴ് വാക്കായി മാറി. മാസ്റ്റർപ്ലാൻ പ്രാവർത്തികമാക്കുന്നതിന് റെയിൽവേയ്ക്ക് യാതൊരു താല്പര്യവുമില്ലാത്ത മട്ടാണ്. മാറിമാറി വരുന്ന ഭരണ നേതൃത്വങ്ങൾ വർക്കല റെയിൽവേസ്റ്റേഷനിലെ വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിൽ ശക്തമായി ഇടപെടണമെന്നാണ് പൊതുവെയുളള അഭിപ്രായം.