കടയ്ക്കാവൂർ: കഞ്ചാവ് വലിച്ച് കിറുങ്ങി നടക്കുന്ന സാമൂഹ്യ വിരുദ്ധരും മദ്യപന്മാരും മറ്റ് അനാശാസ്യ പ്രവർത്തകരുമെല്ലാം തമ്പടിക്കുന്ന സ്ഥലമായി മാറുകയാണ് കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ. ഒപ്പം സ്റ്റേഷൻ കേന്ദ്രീകരിച്ച് പിടിച്ചുപറിയും മോഷണവുമെല്ലാം തകൃതിയായി നടക്കുന്നു. അപ്പോഴും ഇതെല്ലാം കണ്ട് ഒരു നോക്കുകുത്തിയെ പോലെ നിൽക്കുന്ന പൊലീസ് എയിഡ്പോസ്റ്റാണ് സാമൂഹ്യ വിരുദ്ധരെപ്പോലും ചിരിപ്പിക്കുന്നത്. യാത്രികർക്ക് സംരക്ഷണമൊരുക്കേണ്ട
പൊലീസ് എയിഡ്പോസ്റ്റ് നിറുത്തിയിട്ട് വർഷം പലതായി. അതോടെ അക്രമങ്ങളും തലപൊക്കാൻ തുടങ്ങി.
സ്റ്റേഷൻ പരിസരത്തും ഇടിഞ്ഞ് പൊളിഞ്ഞ് കിടക്കുന്ന ചില റെയിൽവേ ക്വാർട്ടേഴ്സുകളിലുമാണ് ഇക്കൂട്ടർ തമ്പടിക്കുന്നത്. സന്ധ്യക്ക് ശേഷം യാത്രക്കാരായ സ്ത്രീകൾക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാണ്. മുൻപ് അക്രമങ്ങളും മോഷണവും വർദ്ധിച്ചതിനെ തുടർന്ന് യാത്രക്കാർ പരാതിപ്പെട്ടപ്പോഴാണ് പൊലീസ് എയ്ഡ് പോസ്റ്റ് ആരംഭിച്ചത്. രണ്ട് പൊലീസുകാരുടെ സേവനം എപ്പോഴും ഇവിടെ ലഭിച്ചിരുന്നു. അതോടെ സ്റ്റേഷനിലെയും പരിസരത്തെയും അക്രമങ്ങളും ഇല്ലാതായി. എന്നാൽ എയിഡ് പോസ്റ്റ് നിറുത്തിയതിന് പിന്നാലെ പ്രശ്നങ്ങളും തലപൊക്കി.