തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്ന കാര്യത്തിൽ കേന്ദ്രം സഹായകരമല്ലാത്ത നിലപാടാണ് സ്വീകരിക്കുന്നതെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക് കുറ്റപ്പെടുത്തി. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡെവലപ്മെന്റ് സ്റ്റഡീസ് കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് നടത്തിയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബി വഴി നടത്തിയ ബഡ്ജറ്റിന് പുറത്തുള്ള ധനസമാഹരണവും കേന്ദ്ര ധനസഹായവും ജി.എസ്.ടി വരുമാനവുമാണ് കേരളത്തിന് താങ്ങാവുന്നത്. ഇപ്പോൾ വലിയ കമ്പനികളുടെ നിക്ഷേപം കേരളത്തിലേക്ക് കാര്യമായി വരുന്നുണ്ട്. ഏണസ്റ്റ് ആൻഡ് യങ്ങിന്റെ ലോകത്തിലെ നാലാമത്തെ ഇന്നവേഷൻ ലാബ് തിരുവനന്തപുരത്താണ് സ്ഥാപിച്ചതെന്ന് ഐസക് പറഞ്ഞു. ഓരോ പ്രത്യേക വിഭാഗത്തിന് ആവശ്യമായ സ്കീമുകളും ഓരോ പ്രദേശത്തിനും അനുയോജ്യമായ പ്രോജക്ടുകളും സർക്കാർ നടപ്പിലാക്കികൊണ്ടിരിക്കുകയാണ്. സർക്കാർ ജീവനക്കാർക്ക് ക്ഷാമ ബത്ത ഗഡു പ്രഖ്യാപിക്കാതിരുന്നത് സാമ്പത്തിക ഞെരുക്കം മൂലമാണെന്നും മേയിൽ ഇക്കാര്യം പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു. പ്രകൃതി ദുരന്തം കലശലായ ഇടുക്കിയിൽ ഇന്നത്തെ ചുറ്റുപാടിൽ എന്തൊക്കെ കൃഷി ആവാം, എന്തൊക്കെ ആയിക്കൂടാ എന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു.
അഞ്ചുവർഷം മുമ്പ് കേരളത്തിന്റെ ആളോഹരി കടം 46,000 രൂപ ആയിരുന്നത് 72,000 ആയി വർദ്ധിച്ചതായി ചടങ്ങിൽ സംസാരിച്ച വി.ഡി. സതീശൻ എം.എൽ.എ പറഞ്ഞു. കിഫ്ബിയുടെ തിരിച്ചടവിന്റെ ബാദ്ധ്യത മുഴുവൻ അടുത്ത സർക്കാരിനായിരിക്കും. ജി.എസ്.ടിയിൽ നിന്ന് പ്രതീക്ഷിച്ച 30ശതമാനം നികുതി വർദ്ധന അസ്ഥാനത്തായി. 13,000 കോടി രൂപയുടെ നികുതി കുടിശിക ഉള്ളപ്പോൾ ഉദ്യോഗസ്ഥരെ വെറുതെ ഇരുത്തുകയാണ്. മാന്ദ്യത്തെ മറികടക്കാനുള്ള ഒരു നിർദ്ദേശവും ബഡ്ജറ്റിലില്ലെന്ന് അദ്ദേഹം വിമർശിച്ചു. പ്രൊഫ.ജി. ബാലചന്ദ്രൻ, ഡോ.ബി.എ. പ്രകാശ്, ഡോ. മേരി ജോർജ്ജ് എന്നിവരും സംസാരിച്ചു.