cbi

തിരുവനന്തപുരം: ലോക്‌നാഥ് ബെഹ്റ ക്രമസമാധാനച്ചുമതലയുള്ള ഡി.ജി.പി ആയ ശേഷം പൊലീസിനുവേണ്ടി കമ്പ്യൂട്ടറുകൾ, ലാപ്ടോപ്പുകൾ, കാമറകൾ, വാഹനങ്ങൾ എന്നിവ വാങ്ങിയതിലും കെട്ടിടനിർമ്മാണത്തിലും വൻ അഴിമതി നടത്തിയെന്ന് നിയമസഭയിൽ പ്രതിപക്ഷം ആരോപിച്ചു. ഇതേക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന് ബഡ്ജറ്റ് ചർച്ചയിൽ പി.ടി. തോമസ് ആവശ്യപ്പെട്ടു.

സ്റ്റോർ പർച്ചേസ് മാന്വലുകളെ കാറ്റിൽ പറത്തിയാണ് പർച്ചേസുകളെല്ലാം നടന്നത്. കരാറുറപ്പിക്കുകയോ സാധനങ്ങൾ വാങ്ങുകയോ ചെയ്തശേഷം തിരുവായ്ക്ക് എതിർവായില്ലാത്ത ചില കൺഫേർഡ് ഉദ്യോഗസ്ഥരുടെ തട്ടിക്കൂട്ട് കമ്മിറ്റിയുണ്ടാക്കും. സാധനങ്ങൾ വാങ്ങിയ ശേഷം വാങ്ങാനുള്ള അനുമതിയടക്കമുള്ള കാര്യങ്ങൾ ആ കമ്മിറ്റികളിൽ ഉണ്ടാക്കിയെടുക്കുന്നു. പൊലീസ് ആസ്ഥാനത്ത് സ്വാധീനമുള്ള ചില സ്വകാര്യകമ്പനികൾ വഴിയാണ് കോടിക്കണക്കിന് രൂപയുടെ വഴിവിട്ട പർച്ചേസുകൾ നടക്കുന്നത്. ഒരു സ്വകാര്യ കമ്പനിയുടെ ഉന്നതോദ്യോഗസ്ഥൻ സംസ്ഥാന ഡി.ജി.പിയുടെ ഐ.ടി അഡ്വൈസറെന്ന നിലയിൽ പലരെയും സമീപിക്കുന്നതായും പല ഇടപാടുകൾക്കും ഇടനിലക്കാരനായി പ്രവർത്തിക്കുന്നതായും ആരോപണമുണ്ട്. പൊലീസ് ആസ്ഥാനത്തെയും ഡി.ജി.പിയുടെ ഓഫീസിലെയും കമ്പ്യൂട്ടറുകൾ ഈ സ്വകാര്യ കമ്പനിയുടെ ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നത് ഉന്നത പൊലീസുദ്യോഗസ്ഥരിലും ശക്തമായ പ്രതിഷേധമുയർത്തിയിട്ടുണ്ട്.

ആദ്യം കാമറ,​ പിന്നെ പർച്ചേസ് ഓർഡർ

സിംസ് എന്ന പേരിൽ വീടുകളിൽ കാമറ വയ്ക്കുന്ന പദ്ധതി ആരംഭിക്കുന്നതിനുമുമ്പ് ആയിരക്കണക്കിന് കാമറകൾ തിരുവനന്തപുരത്തെത്തിച്ചു. അതിനുശേഷമാണ് പർച്ചേസ് ഓർഡർ നൽകിയത്. ഇതാരുടെ കമ്പനിക്കുവേണ്ടി നടത്തിയ കള്ളക്കളിയാണെന്ന് അന്വേഷിക്കണം. ഓരോ ജില്ലയിലും 500 മുതൽ 1000 കാമറകൾ വരെ സ്ഥാപിക്കാനുള്ള ഓർഡർ സമാഹരിക്കാൻ എസ്.പിമാർക്ക് ഡി.ജി.പി ടാർഗറ്റ് നൽകി. കാമറ ഓർഡർ ലഭിച്ച കമ്പനിയുടെ പശ്ചാത്തലമന്വേഷിക്കണം. 200കോടിയുടെ ഇടപാടാണിത്. ഇപ്പോൾ വാങ്ങിയ കാമറകൾ ഒരു വ്യവസായിയുടെ ഗോഡൗണിൽ കൂട്ടിയിട്ടിരിക്കുന്നതായാണ് അറിയാനായത്. അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിന്റെ എതിർപ്പിനെ മറികടന്നാണ് വാങ്ങലുകളും കെട്ടിടനിർമ്മാണവും നടന്നിരിക്കുന്നത്. താഴേതട്ടിലെ ഉദ്യോഗസ്ഥർക്ക് ഫീൽഡ് ആവശ്യങ്ങൾക്ക് വാഹനം വാങ്ങേണ്ട തുക വകമാറ്റി ഒരു കമ്പനിയുടെ ആഡംബരവാഹനങ്ങൾ വാങ്ങിയതും അന്വേഷിക്കണം.

നാല് കോടി വകമാറ്റി

നക്സൽഭീഷണിയുള്ള ഉൾമേഖലകളിൽ എസ്.എച്ച്.ഒമാർക്ക് താമസിക്കാൻ 30 ക്വാർട്ടേഴ്സ് പണിയാനനുവദിച്ച നാല് കോടി വകമാറ്റി സർക്കാർ അനുമതിയില്ലാതെ വില്ലകളും ബംഗ്ലാവുകളുമാക്കി. തിരുവനന്തപുരത്ത് ഭക്തിവിലാസത്തിനടുത്ത് ഡി.ജി.പിക്കായി പുതിയ ബംഗ്ലാവ് പണിതു. വില്ല ഒന്നിന് രണ്ട് കോടി ചെലവിട്ടു. പൊലീസ് ഹൗസിംഗ് കൺസ്ട്രക്‌ഷൻ കോർപറേഷന് നിർമ്മാണച്ചുമതല നൽകാതെ സിൽക്കിനും ഹാബിറ്റാറ്റിനും നൽകിയതെന്തിനുവേണ്ടിയാണെന്നും പി.ടി. തോമസ് ചോദിച്ചു.