ചിറയിൻകീഴ്: വെള്ളിയാഴ്ച നടക്കുന്ന ശാർക്കര പൊങ്കാലയ്ക്ക് വേണ്ടിയുളള മുന്നൊരുക്കങ്ങൾ ആരംഭിച്ചു. അന്ന് രാവിലെ 9.45ന് ക്ഷേത്ര തന്ത്രി തരണനല്ലൂർമന സജി ഗോവിന്ദൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി വടക്കേമഠത്തിൽ എസ്. രാജഗോപാലൻ പോറ്റി പണ്ഡാര അടുപ്പിലേക്ക് ദീപം പകരുന്നതോടെയാണ് പൊങ്കാലയ്‌ക്ക് തുടക്കമാകുന്നത്. ക്ഷേത്ര ഉപദേശക സമിതിയുടെയും ഭക്തജനങ്ങളുടെയും നേതൃത്വത്തിൽ ക്ഷേത്ര പരിസരം വൃത്തിയാക്കൽ ആഴ്ചകൾക്ക് മുമ്പ് തന്നെ ആരംഭിച്ചിരുന്നു. പൊങ്കാലയ്ക്ക് വേണ്ടിയുളള അടുപ്പുകൾ കൂട്ടുന്നത് ഉപദേശക സമിതിയുടെ നേതൃത്വത്തിൽ നടന്നു വരികയാണ്. പൊങ്കാല ദിവസം പണ്ടകശാല - ശാർക്കര റോഡിലും, മഞ്ചാടിമൂട് - വലിയകട റോഡിലും രാവിലെ 6.30ന് ശേഷം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പൊങ്കാലയ്ക്ക് ആവശ്യമായ ശുദ്ധജലം എത്തിക്കുന്നതിനായി ക്ഷേത്രപറമ്പിൽ 75 ലധികം വാട്ടർടാപ്പുകൾ സ്ഥാപിക്കും. ഇതിന് പുറമേ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ വാട്ടർടാങ്കിൽ വെളളമെത്തിക്കും. പി.എച്ച്.സിയുടെ നേതൃത്വത്തിൽ ക്ഷേത്ര പരിസരത്തെ കിണറുകളിൽ ക്ലോറിനേഷൻ നടത്തും. ക്രമസമാധാനപാലനത്തിനും ട്രാഫിക് നിയന്ത്രണത്തിനും ശക്തമായ പൊലീസ് സംവിധാനം ഒരുക്കും.