niyamasabha

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് വാർഡ് വിഭജനം ലക്ഷ്യമാക്കിയുള്ള കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി ഭേദഗതി ബിൽ പ്രതിപക്ഷത്തിന്റെ വിയോജിപ്പോടെ നിയമസഭ ഇന്നലെ പാസാക്കി.. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം നിലവിലുള്ളതിൽ ഒന്ന് വീതം കൂട്ടാൻ ഉദ്ദ്യേശിച്ചുള്ളതാണ് ബിൽ.ഇതേ ഉദ്ദ്യേശ്യത്തോടെ സർക്കാർ നേരത്തേ തയ്യാറാക്കി രാജ്ഭവനിലേക്ക് അയച്ച ഒാർഡിനൻസിൽ ഗവർണർ ഒപ്പിടാതിരുന്നത് വിവാദമായിരുന്നു.ഇത് മറികടക്കാനാണ് നിയമസഭയിൽ ബിൽ കൊണ്ടുവന്ന് പാസ്സാക്കിയത്. സർക്കാർ ഇനി ഈ ബിൽ ഗവർണർ വഴി രാഷ്ട്രപതിക്ക് അയച്ചുകൊടുക്കണം .രാഷ്ട്രപതി ഒപ്പിട്ടാൽ മാത്രമേ നിയമം പ്രാബല്യത്തിൽ വരൂ.31നെതിരെ 73 വോട്ടിനാണ് ബിൽ പാസ്സാക്കിയത്. ബി.ജെ.പി അംഗം ഒ.രാജഗോപാലിന്റെ അസാന്നിദ്ധ്യത്തിലായിരുന്നു വോട്ടെടുപ്പ്. വാർഡ് വിഭജനം നടത്തുന്നത് കൊണ്ട് വീട്ടുനമ്പർ മാറില്ലെന്ന് തദ്ദേശ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ സഭയിൽ വ്യക്തമാക്കി.. വോട്ടർ പട്ടിക പുതുക്കുന്നതിനെയും ഇത് ബാധിക്കില്ല..തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷവും വോട്ടർപട്ടികയിൽ പേര് ചേർക്കലുണ്ടാവും.2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ 2.5 കോടി വോട്ടർമാരായിരുന്നു. 2019ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ ഇത് 2.6 കോടിയായി. 1047942 പേരുടെ വർദ്ധനവാണ് വന്നത്. വോട്ടർ പട്ടികയിൽ പേര് ചേർത്ത് ഹിയറിംഗ് നടത്തുന്നതിൽ ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാകും. എന്നാൽ അതിന് വോട്ടർ ഐഡി നിർബന്ധമല്ല. തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചിട്ടുള്ള ഏതെങ്കിലും തിരിച്ചറിയൽ രേഖ മതിയെന്ന് മന്ത്രി പറഞ്ഞു.