photo

പാലോട്: ഓലമേഞ്ഞ കുടിലും വയലും വെള്ളം തേവുന്ന കർഷകനും കാളവണ്ടിയും. മൺമറഞ്ഞുപോയ കാർഷിക സംസ്‌കൃതിയുടെ ഓർമ്മ പുതുക്കുന്ന പ്രദർശന സ്റ്റാളുകൾ പാലോട് കാളച്ചന്തയിൽ സന്ദർശകരുടെ മനം കവരുന്നു. നാട്ടിൻപുറങ്ങളിൽ നിന്ന് അന്യമാവുന്ന പടത്തി,ഞാലിപ്പൂവൻ,പാളയംകോടൻ തുടങ്ങി എണ്ണമറ്റ പഴവർഗങ്ങളും ഈ സ്റ്റാളുകളിൽ ലഭ്യമാണ്.പശ്ചിമഘട്ടത്തിലെ പ്രധാന കിഴങ്ങു വർഗ്ഗങ്ങളുടേയും കാർഷികോത്പന്നങ്ങളുടേയും പ്രദർശനവും വിപണനവുമായി വിവിധ കർഷക സ്റ്റാളുകളുമുണ്ട്.കൂടാതെ കളിമൺപാത്രങ്ങൾ, മൺചട്ടികൾ, മൺകലങ്ങൾ, മുളങ്കുറ്റികൾ, ഈറയിൽ തീർത്ത വട്ടി, കുട്ട, അരിവാല, മുറം, ചിരട്ടതവികൾ, ചിക്ക്പായ്, ഈർക്കിൽ ചൂൽ തുടങ്ങിയ പരിസ്ഥിതി സൗഹാർദ്ദ ഉത്പന്നങ്ങളും വിപണനത്തിനെത്തിയിട്ടുണ്ട്.

കുട്ടികൾക്കായുള്ള അമ്യൂസ്മെൻ്റ് പാർക്കും, മരണക്കിണറും, അന്നലൂഞ്ഞാലും, ജയിൻ്റ് വീലും മേളയ്ക്ക് മാറ്റ് കൂട്ടുന്നു. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ മുട്ടക്കോഴികളും വൈറ്റ്ലഗോൺ കോഴികളും വിതരണത്തിനായി എത്തിച്ചേർന്നു. പൂക്കളും ചെടികളും വീട്ടുപകരണങ്ങളും വാങ്ങാനും മേള കാണാനുമായി നൂറുകണക്കിന് സന്ദർശകരാണ് ദിനംപ്രതി എത്തുന്നത്.മുഴുവൻ സന്ദർശകർക്കും യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനിയുടെ ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മേള കമ്മിറ്റി ചെയർമാൻ എം.ഷിറാസ്ഖാനും ജനറൽ സെക്രട്ടറി ഇ.ജോൺകുട്ടിയും അറിയിച്ചു.കന്നുകാലി ചന്തയിൽ പാണ്ടിമാടുകൾ വാങ്ങാനും നല്ല തിരക്കുണ്ട്.

പെരിങ്ങമ്മല ജില്ലാകൃഷിത്തോട്ടം,ബനാന നഴ്‌സറി,ഐ.എസ്.ആർ.ഒ, ടി.ബി.ജി.ആർ.ഐ, കൃഷിവകുപ്പ്, കുടുംബശ്രീ എന്നിവയുടെ സ്റ്റാളുകളും ശ്രദ്ധേയമാണ്.അഞ്ചാം ദിവസമായ ഇന്നലെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കൃഷിവകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മൂന്നാമത് 'മലയോര കർഷക കോൺഗ്രസ് -ഹരിതമേളം' കർഷകരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. ജോർജ് ജോസഫിന്റെ അദ്ധ്യക്ഷതയിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്‌ഘാടനം ചെയ്തു.അവാർഡ് ദാനവും നടന്നു.മേള ട്രഷറർ വി.എസ് പ്രമോദ് സ്വാഗതം പറഞ്ഞു.ചെറ്റച്ചൽ സഹദേവൻ,എസ്.സഞ്ജയൻ,എ.എ റഷീദ്,സുനിൽകുമാർ, എം.ഷിറാസ്ഖാൻ,ഇ.ജോൺകുട്ടി,ജി.കൃഷ്ണൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.മേളയുടെ ഭാഗമായ ചലച്ചിത്രോത്സവം-പിറവിയിൽ ഇന്നലെ നാല് ചിത്രങ്ങൾ പ്രദർശിപ്പിച്ചു.കൺവീനർ അമ്പു എസ്.നായർ നേതൃത്വം നല്കി.