തിരുവനന്തപുരം : അനധികൃതമായി സർവീസിൽ നിന്നു വിട്ടുനിൽക്കുന്ന വിവിധ മെഡിക്കൽ കോളേജുകളിലെ
10 ഡോക്ടർമാരെ പിരിച്ചുവിട്ട് സർക്കാർ ഉത്തരവായി.
ഒബ്സ്റ്റസ്ട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗം അസി.പ്രൊഫസർമാരായ ഡോ.പി.രജനി, ഡോ.സിന്ധു ആൻ കോര, ഡോ.വി.ബി. ബിന്ദു, ജനറൽ മെഡിസിൻ വിഭാഗം അസി.പ്രൊഫസർമാരായ ഡോ. രാജേഷ് ബേബി പാണിക്കുളം, ഡോ.എ.വി.രവീന്ദ്രൻ, ജനറൽ സർജറി വിഭാഗം അസി.പ്രൊഫസർമാരായ ഡോ. റോണി ജെ. മാത്യു, ഡോ. സുനിൽ സുന്ദരം, പീഡിയാട്രിക് വിഭാഗം അസി. പ്രൊഫസർ ഡോ.പി. മായ,യൂറോളജി വിഭാഗം അസി. പ്രൊഫസർ ഡോ.ജോൺ കുര്യൻ, കാർഡിയോ വാസ്‌കുലർ ആൻഡ് തൊറാസിക് സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.അരുൺ തങ്കപ്പൻ എന്നിവരെയാണ് സർവീസിൽ നിന്നു നീക്കം ചെയ്തത്.
വിവിധ സർക്കാർ മെഡിക്കൽ, ഡന്റൽ കോളേജുകളിലെ 50തോളം ഡോക്ടർമാർ അനധികൃതമായി ജോലിക്ക് എത്തുന്നില്ലെന്ന് സർക്കാർ കണ്ടെത്തിയിരുന്നു. ഇവർക്ക് കാരണം കാണിക്കൽ നോട്ടീസും ഹാജരാകാനുള്ള അവസരങ്ങളും നൽകി. തുടർന്ന് കുറേപ്പേർ തിരിച്ചെത്തി. ചിലർ മടങ്ങിയെത്താൻ തയ്യാറായില്ല. ചിലരാകട്ടെ ജോലിയിൽ പ്രവേശിച്ച ശേഷം വീണ്ടും മുങ്ങി. ഇതോടെയാണ് ആരോഗ്യവകുപ്പ് കർശന നടപടി സ്വീകരിച്ചത്.