തിരുവനന്തപുരം: അഴിമതിക്കും മറ്രുമെതിരായ കാർട്ടൂണുകൾ പൊലീസ് സ്റ്റേഷനുകളിൽ
മാർച്ച് 31നകം പ്രദർശിപ്പിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ കർശന നിർദ്ദേശം നൽകി. പൊലീസിനെ വിമർശിക്കുന്നതോ, പൊലീസ് വിഷയമാക്കിയതോ ആയ കാർട്ടൂണുകളും ചുമരുകളിൽ തൂക്കാം..
അതത് ജില്ലകളിലെ കാർട്ടൂണിസ്റ്റുകളിൽ നിന്ന് കാർട്ടൂൺ ശേഖരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും, 482 കാർട്ടൂണുകൾ 15 ദിവസം കൊണ്ട് താൻ ശേഖരിച്ചെന്നും ബെഹ്റ 'കേരളകൗമുദി'യോട് പറഞ്ഞു.
കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽ ജില്ലാ പൊലീസ് ആസ്ഥാനങ്ങളിൽ കാർട്ടൂണുകൾ വച്ച് പദ്ധതിക്കു തുടക്കം കുറിക്കാനും ഡിസംബറോടെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലെയും ചുമരുകളിൽ കാർട്ടൂണുകൾ പ്രദർശിപ്പിക്കാനുമായിരുന്നു ശ്രമം. എന്നാൽ ,കാർട്ടൂണുകൾ ശേഖരിക്കുന്നതിൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ അലംഭാവം കാട്ടി. അതിനാലാണ് ജില്ലാ പൊലീസ് മേധാവികൾക്ക് നിർദ്ദേശം നൽകിയത്. ഡൽഹിയിൽ സി.ബി.ഐ ആസ്ഥാനത്ത് ഇടനാഴികളിൽ അഴിമതിക്കെതിരെ കാർട്ടൂൺ വരച്ചിട്ടുണ്ട്. ഇതേ മാതൃകയിലാണ് സ്റ്റേഷനുകളിൽ കാർട്ടൂണുകൾ വയ്ക്കുന്നത്.
പൊലീസ് ആസ്ഥാനത്ത് ആർ.കെ. ലക്ഷ്മണിന്റെ 12 കാർട്ടൂണുകളുണ്ട്. തലസ്ഥാനത്ത് ഫോർട്ട്, മ്യൂസിയം, കോവളം, വലിയതുറ, പേരൂർക്കട, വഞ്ചിയൂർ സ്റ്റേഷനുകളിലും കാർട്ടൂണുകൾ വച്ചു. .
'പൊലീസ് സ്റ്റേഷനിലെത്തുന്നവർക്ക് സൗഹൃദാന്തരീക്ഷം ഒരുക്കുകയാണു ലക്ഷ്യം. കാർട്ടൂണുകൾ എല്ലാവരെയും ചിരിപ്പിക്കും. അഴിമതിക്കെതിരെ ശക്തമായ ആയുധവുമാണത്.''
-ലോക്നാഥ് ബെഹ്റ,
സംസ്ഥാന പൊലീസ് മേധാവി