തിരുവനന്തപുരം: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ നിയമസഭ നിയമനിർമ്മാണം നടത്തണമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു. ഗോവിന്ദ് പൻസാരയുടെ രക്തസാക്ഷി ദിനമായ 20ന് നടത്തുന്ന മതേതര സംരക്ഷണ സദസുകളിൽ ഈ ആവശ്യം ഉന്നയിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നവോത്ഥാന കാലഘട്ടം കേരളസമൂഹത്തിൽ നിന്നു പടിയടച്ച് പുറത്താക്കിയ അന്ധവിശ്വാസങ്ങൾ, അനാചാരങ്ങൾ , ദുർമന്ത്രവാദം തുടങ്ങിയ സാമൂഹ്യ വിരുദ്ധ പ്രവണതകൾ തിരിച്ചുവരുന്നത് ആശങ്കാജനകമാണെന്ന് സംസ്ഥാന കൗൺസിൽ അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു. രോഗശാന്തി, ധനലബ്ധി എന്നൊക്കെ പേരിൽ സാമൂഹ്യ വിരുദ്ധർ പൊതുസമൂഹത്തിൽ ഇത്തരം പ്രവണതകൾ വളർത്തുന്നു. അന്ധവിശ്വാസത്തിന്റെ പേരിൽ ഒരു സ്ത്രീയെ ബലി കൊടുത്ത സംഭവം അടുത്തകാലത്തുണ്ടായി.
കേന്ദ്ര ബഡ്ജറ്റിലെ ജനവിരുദ്ധ നയങ്ങൾക്കെതിരെ 18ന് നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ കേന്ദ്ര ഗവ. ഓഫീസുകൾക്ക് മുന്നിലേക്ക് നടത്തുന്ന മാർച്ചിൽ പങ്കെടുക്കാൻ പാർട്ടി ഘടകങ്ങളോട് കൗൺസിൽ അഭ്യർത്ഥിച്ചു. 1946ൽ റോയൽ ഇന്ത്യൻ നേവി നടത്തിയ നാവിക കലാപത്തിന്റെ വാർഷിക ദിനമായ 22 മുതൽ ഭഗത് സിംഗിന്റെ രക്തസാക്ഷി ദിനമായ മാർച്ച് 23 വരെ സി.പി.ഐ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ സായാഹ്ന ധർണകളും പ്രചാരണ പരിപാടികളും നടത്തും. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ച ദിനമായ ഫെബ്രുവരി 21ആശയ പ്രചാരണ ദിനമായും ആചരിക്കും.
വാർത്താസമ്മേളനത്തിൽ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ. പ്രകാശ് ബാബു, സത്യൻ മൊകേരി എന്നിവരും പങ്കെടുത്തു.