നെയ്യാറ്റിൻകര: നഗരസഭാ പരിധിയിലെ കച്ചവടക്കാർക്കും തൊഴിലാളികൾക്കും ഇരുട്ടടിയായി ലൈസൻസ് ഫീസ് വർദ്ധന. മാർച്ച് 31 വരെയാണ് ലൈസൻസ് പുതുക്കേണ്ടത്. ഈ സാഹചര്യത്തിലാണ് ഇരുട്ടടിയായി ഫീസ് വർദ്ധിപ്പിച്ചത്. ഫീസ് വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിനേതാക്കളും മുന്നോട്ടുവന്നിട്ടുണ്ട്. നഗരസഭാധികൃതർക്ക് നിവേദനവും നൽകിയിട്ടുണ്ട്. ഫീസ് പുതുക്കുന്നതിനുള്ള അപേക്ഷ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. എന്നാൽ അപേക്ഷസമർപ്പിക്കുന്നത് മാത്രമാണ് ഓൺലൈൻ വഴി. ഫീസ് നേരിട്ട് നഗരസഭയിൽ എത്തിക്കണം. ചുരുക്കത്തിൽ വ്യാപാരികൾക്ക് ഇരട്ടിപ്പണി നൽകിയിരിക്കുകയാണ്.
ഒപ്പം കരമടയ്ക്കുന്നതിനായി ഡിമാന്റ് നോട്ടീസ് ലഭിച്ചിട്ടുള്ളവർക്ക് നേരിട്ട് നഗരസഭയിൽ ഫീസ് അടയ്ക്കാം. പക്ഷേ ഇത് കംപ്യൂട്ടറിൽ കാണില്ലെന്ന് മാത്രം. മാനുവലായി എഴുതുന്ന രസീതുകൾ കംപ്യൂട്ടറിൽ ചേർക്കുവാനുണ്ടാകുന്ന കാലതാമസമാണ് ഇതിന് കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
വ്യാപാര സ്ഥാപനങ്ങളിലെ നികുതി പത്തിരട്ടി വർദ്ധിപ്പിച്ചെന്നാണ് വ്യാപാരികളുടെ ആക്ഷേപം. ഇതിനൊപ്പം കെട്ടിട കരം, തൊഴിൽക്കരം എന്നിവകൂടി നൽകേണ്ടതുണ്ട്. ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് വ്യാപാരികളുടെ പരാതി. ഫീസ് വർദ്ധന പിൻവലിക്കണമെന്നും നടപടിക്രമങ്ങൾ ലളിതമാക്കണമെന്നും ആവശ്യപ്പെട്ട് ഭാരവാഹികൾ നഗരസഭാ അധികൃതർക്ക് പരാതി നൽകി. യൂണിറ്റ് പ്രസിഡന്റ് മഞ്ചത്തല സുരേഷ്, ജനറൽ സെക്രട്ടറി ആന്റണി അലൻ എന്നിവർ വൈസ് ചെയർമാൻ കെ.കെ. ഷിബുവിനാണ് നിവേദനം നൽകിയത്.
അണയാത്ത പ്രതിഷേധം
നഗരസഭയിലെ കെട്ടിട നികുതി വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് യുവമോർച്ച അടുത്തിടെ നഗരസഭയിലേക്ക് മാർച്ച് നടത്തിരുന്നു. മാർച്ച് നഗരസഭയിൽ എത്തുന്നതിനുമുമ്പ് നെയ്യാറ്റിൻകര സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞത് സംഘർഷം സൃഷ്ടിച്ചു.
മൂന്ന് വർഷത്തിൽ കൂടുതൽ ഉള്ള നികുതിയിൽ മേൽ യാതൊരുവിധ ജപ്തി നടപടിയും പാടില്ലെന്ന നഗരസഭാ നിയമത്തിലിരിക്കെ ജപ്തി നടപടിയുമായി മുന്നോട്ടു പോകുന്നതായി സമരക്കാർ ആരോപിച്ചിരുന്നു. നഗരസഭാ കവാടത്തിനു മുന്നിൽ വർധിപ്പിച്ച കെട്ടിട നികുതി ഉത്തരവ് പ്രവർത്തകർ കത്തിക്കുകയും ചെയ്തിരുന്നു. നെയ്യാറ്റിൻകരയിലെ റസിഡൻസ് അസോസിയേഷനുകളുടെ കേന്ദ്രസംഘടനയായ ഫ്രാനും കെട്ടിട നികുതി വർദ്ധനവിനെതിരെ നഗരസഭയിലെത്തി പ്രതിഷേധം അറിയിച്ചിരുന്നു.
സർട്ടിഫിക്കറ്റിനായി കാത്തിരിക്കണം
സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെട്ടെത്തുന്നവരെ ജീവനക്കാർ ബുദ്ധിമുട്ടിക്കുന്നുവെന്നാരോപിച്ച് ഇക്കഴിഞ്ഞ കൗൺസിൽ യോഗത്തിൽ പനങ്ങാട്ടുകരി വാർഡ് കൗൺസിലർ ബി. സുരേഷ്കുമാർ പ്രതിഷേധിച്ച് തറയിൽ കിടന്നു. പ്രതിപക്ഷ കൗൺസിലർമാരുടെ വാർഡുകളിലുള്ളവർക്കാണ് സർട്ടിഫിക്കറ്റുകൾ യഥാസമയം നൽകാത്തതെന്നും യു.ഡി.എഫിലെ ഘടക കക്ഷിയായ മാണികോൺഗ്രസ് അംഗം സുരേഷ് കുമാറിന്റെ ആരോപണം. തുടർന്ന് ആർ.ഐയെ കൗൺസിൽ യോഗത്തിൽ വിളിച്ചുവരുത്തി സർട്ടിഫിക്കറ്റ് നൽകിയതോടെയാണ് കൗൺസിലർ പ്രതിഷേധസമരം അവസാനിപ്പിച്ചത്. കെട്ടിട നിർമ്മാണത്തിനുള്ള എൻ.ഒ.സി നൽകുന്നതിലും ഗുരുതരമായ കാലതാമസമാണ് ഉദ്യോഗസ്ഥർ കാണിക്കുന്നതെന്നും പരാതിയുണ്ട്.
വ്യാപാര സ്ഥാപനങ്ങൾക്കുള്ള ലൈസൻസ് ഫീസ് വർധിപ്പിച്ചിട്ടില്ല. 2011-ലെ കൗൺസിൽ തീരുമാന പ്രകാരമുള്ള ഫീസാണ് ഇക്കുറി ഈടാക്കുന്നത്. അപേക്ഷകൾ ഓൺലൈൻ വഴിയാക്കിയത് സർക്കാർ തീരുമാനപ്രകാരമാണ്. കെ.കെ.ഷിബു, നഗരസഭ വൈസ് ചെയർമാൻ